മന്ത്രി ജലീലിന്റെ ബന്ധുനിയമനം; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
കെ.ടി. ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഫിറോസിന്റെ പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില്‍ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്‍സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിക്കുകയും ഈ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് കോടതി നടപടിയുണ്ടായിരിക്കുന്നത്. തുടര്‍ന്ന് കേസ് വേനലവധിക്കാലത്തിന് ശേഷം പരിഗണിക്കാനായി മാറ്റിവച്ചു.

അതേസമയം യോഗ്യതാ മാനദണ്ഡത്തില്‍ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നിയമിക്കപ്പെട്ടയാള്‍ അനധികൃതമായി ആനുല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ ഹര്‍ജി. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.

ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ തലപ്പത്ത് നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നല്‍കിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ന്യൂന പക്ഷ ക്ഷേമ കോര്‍പ്പറേഷനിലെ ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് അഡ്വ. പി. ഇ സജല്‍ മുഖേന ഹര്‍ജി നല്‍കിയത്. നിയമങ്ങളും, ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ സഹോദര പുത്രന്‍ കെ ടി അദീപിനെ ന്യൂന പക്ഷ ക്ഷേമ കേര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്നും, വിജിലന്‍സിനു പരാതി നല്‍കിയിട്ട് തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ച് പരാതി തീര്‍പ്പാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.