ധൈര്യത്തോടെ നേരിടൂ; കുമാരസ്വാമിക്ക് ഉപദേശവുമായി കോണ്‍ഗ്രസ്

ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാന്‍ സഖ്യം തുടരണം.

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി പാര്‍ട്ടി വേദിയില്‍ പൊട്ടിക്കരഞ്ഞ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ഉപദേശം.

കൂട്ടു മന്ത്രിസഭ മുന്നോട്ടു കൊണ്ടുപോകുന്നത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. അതിനെ നേരിടുക എന്നല്ലാതെ വേറെ വഴിയൊന്നുമില്ല. വികാരങ്ങള്‍ അതേപടി പ്രകടിപ്പിക്കുന്നത് മതനിരപേക്ഷ പാര്‍ട്ടികളെ അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനുള്ള ധൈര്യം കുമാരസ്വാമി സമ്പാദിക്കണം. ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാന്‍ സഖ്യം തുടരണം.

ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. മുഖ്യമന്ത്രിയായതിന് ശേഷം തന്നെ അനുമോദിക്കാന്‍ പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പൊട്ടിക്കരഞ്ഞത്.
മുഖ്യമന്ത്രിയായതിന് പിന്നാലെ വലിയ സമ്മര്‍ദ്ദത്തിലാണ് മുന്നോട്ടുപോകുന്നതെന്നും, മുഖ്യമന്ത്രി കസേരയെന്നത് ആളുകള്‍ കരുതുന്നതു പോലെ പട്ടുമെത്തയല്ലെന്നും മറിച്ച് മുള്ളുകിടക്കയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ ബൊക്കെയും പൂമാലയും നിരസിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകും. എന്നാ ല്‍ ഞാന്‍ സന്തോഷവാനല്ല. വിഷത്തെക്കാള്‍ കഠിനമായ വേദന കടിച്ചിറക്കിയാണ് ഞാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.