ഷഹീന്‍ ബാഗിലേക്ക് വെടിയുതിര്‍ത്തത് രണ്ടു തവണ; ഡല്‍ഹി ഭീകരവാദികളുടെ കയ്യിലോ!

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിഞ്ഞിരിക്കെ, തൊട്ടടുത്ത ദിവസവും പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വെടിവെപ്പുണ്ടായിരിക്കുകയാണ്. ഇത്തവണ ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് കപില്‍ ഗുര്‍ജാര്‍ എന്ന ഹിന്ദുത്വ തീവ്രവാദിയായ യുവാവാണ് വെടിയുതിര്‍ത്തത്. പ്രതിയെ പൊലീസ് പിടികൂടുംമ്പോള്‍ കപില്‍ ഗുര്‍ജാര്‍ ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നും കബില്‍ ആഹ്വാനം ചെയ്തു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ വെടിവെപ്പ് ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. ഡല്‍ഹിയില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് നടത്തുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രവിഷ് കുമാര്‍ പ്രദേശത്ത് തുടര്‍ച്ചായായി വെടുവെപ്പിന് സാധ്യത കാണുന്നതായി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

സ്ത്രീകള്‍ പ്രതിഷേധം നടത്തുന്ന ഷഹീന്‍ ബാഗിലെ വേദിക്കെതിരെ ഹിന്ദുത്വവാദം മുഴക്കിയ പ്രതി രണ്ടു തവണ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന വേദിക്ക് പിന്നിലെത്തിയാണ് വെടിവച്ചത്. വൈകീട്ട് 4.53നാണ് സംഭവം. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഷഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക കോണ്‍ട്രാക്ടര്‍ തോക്കുമായെത്തി സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ വ്യാഴാഴ്ചയാണ് ഭീകരവാദം മുഴക്കി ഗോപാല്‍ ശര്‍മ എന്ന പതിനേഴുകാരന്‍ വെടിവെപ്പ് നടത്തിയത്. ബജാറംഗ് ദള്‍ പ്രവര്‍ത്തകനായി ഇയാളുടെ വെടിയേറ്റ് ഒരു വിദ്യാര്‍ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജാമിഅയില്‍ നിന്നും സമാധാനപരമായി നീങ്ങുന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെയായിരുന്നു അക്രമിയുടെ വെടിവെപ്പ്.
ഷഹീന്‍ബാഗ്(പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം) അവസാനിപ്പിക്കണമെന്ന് അക്രമി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗിലെ വിധി തന്നെ(1919ല്‍ സ്വാതന്ത്ര്യ സമര സേനാനികളെ നിഷ്‌കരുണം വെടിവെച്ചുകൊന്ന ജനറല്‍ ഡയറിന്റെ നടപടി) ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കും നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് ഷഹീന്‍ബാഗിലും വെടിവെപ്പ്. ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്.

ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ പ്രകോപന പ്രസംഗത്തില്‍ മാറ്റം വരുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രീതിയും വിമര്‍ശിക്കപ്പെട്ടിരുന്നു. ജാമിഅ വെടിവപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഡല്‍ഹി വോട്ടര്‍മാരോടായി അമിത് ഷായുടെ ചോദ്യം മോദിയോടൊപ്പമൊ ഷഹീന്‍ബാഗിനൊപ്പമോ എന്ന് ചോദിച്ചത് വിവാദമായിരുന്നു.
നേരത്തെ നടന്ന റാലികളില്‍ ബിജെപ്പിക്ക് വോട്ട് ചെയ്താല്‍ ഡല്‍ഹിയില്‍ ‘ഒരിക്കലും ഒരു ഷഹീന്‍ ബാഗ് ഉണ്ടാകില്ലെന്ന് ഷാ പറഞ്ഞിരുന്നു.