ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില നേതാക്കള്‍ നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രയോഗങ്ങള്‍ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ‘വെടിവെക്കൂ, ഇന്ത്യാ പാക് മത്സരം’ തുടങ്ങിയ പദപ്രയോഗങ്ങള്‍ നേതാക്കള്‍ നടത്തരുതായിരുന്നു. പാര്‍ട്ടി ഇത്തരം പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നു-സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത്ഷാ.
ഡല്‍ഹിയില്‍ കാര്യങ്ങള്‍ തെറ്റിയെങ്കിലും ജനവിധി പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വപട്ടികക്കും എതിരല്ല. പൗരത്വനിയമത്തെ കുറിച്ച് ആരുമായും സംസാരിക്കാന്‍ തയ്യാറാണ്. ആരെങ്കിലും ചോദിച്ചാല്‍ മൂന്നു ദിവസത്തിനകം സമയം നല്കിയിരിക്കും-അമിത്ഷാ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
എ.എ.പിയുമായി നേരിട്ട് മത്സരമായതാണ് തോല്‍വിക്ക് കാരണമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെയും ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന വിശകലന യോഗത്തിലാണ് ഈ അഭിപ്രായങ്ങള്‍ നേതാക്കള്‍ പങ്കുവെച്ചത്. ബി.ജെ.പിക്കെതിരെയുള്ള വോട്ടുകളെല്ലാം എ.എ.പിയുടെ ഭാഗത്തേക്ക് ധ്രുവീകരിക്കപ്പെട്ടതായും യോഗം വിലയിരുത്തി.