ഒരു ജിഹാദി കൂടി ഇല്ലാതായി’; ഇര്‍ഫാന്‍ ഖാന്റെ മരണത്തിലും വിദ്വേഷ പ്രചരണം

ന്യൂഡല്‍ഹി: നടന്‍ ഇര്‍ഫാന്‍ ഖാനെതിരെ വിദ്വേഷ പ്രചരണവുമായി സംഘി അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍. ഇര്‍ഫാന്റെ മരണ വാര്‍ത്തക്ക് പിന്നാലെ ഒരു തീവ്രവാദിയുടെ എണ്ണം കൂടി കുറഞ്ഞു എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം നടന്നത്.

ടി.വി അവതാരകന്‍ അനുരാഗ് മുസ്‌കാന്‍ ഇര്‍ഫാന് അനുശോചനമറിയിച്ച് പങ്കുവെച്ച ട്വീറ്റിലായിരുന്നു വിദ്വേഷ പരാമര്‍ശം വന്നത്.
ഒരു തീവ്രവാദിയുടെ എണ്ണം കൂടി കുറഞ്ഞു എന്നായിരുന്നു ചന്ദ്രശേഖര്‍ യാദവ് എന്നയാളുടെ പരാമര്‍ശം. ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനം വന്നതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ റിമൂവ് ചെയ്തു പോയിരിക്കയാണയാള്‍.

ഫേസ്ബുക്കിലും ഇത്തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. സഞ്ജന ഹിന്ദു, റോക്കി ബന്ന എന്നീ പേരുകളുള്ള അക്കൗണ്ടിലാണ് വിദ്വേഷപരാമര്‍ശങ്ങള്‍ വന്നത്. ഇന്ത്യയിലെ ഒരു ജിഹാദി കൂടി ഇല്ലാതായി എന്നായിരുന്നു സഞ്ജന ഹിന്ദു എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. പിന്നീട് ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് മാറ്റി.

അതേസമയം, ഒറ്റപ്പെട്ട വിദ്വേഷപ്രചരണമെല്ലാതെ രാജ്യമാകെ ഇര്‍ഫാന്റെ ഖാന്റെ മരണത്തില്‍ ദുഃഖിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കണാനിടയായത്. ട്വിറ്ററിലും മറ്റും ഇര്‍ഫാന്റെ ഖാന്‍ ഹാഷ് ടാഗ് ട്രാന്റായി നില്‍ക്കുകയാണ്. എവിടെ സ്‌ക്രോള്‍ ചെയ്താലും നടന്റെ ചിത്രങ്ങളും വീഡിയോകളുമാണ് കാണാനിടയാവുന്നത്.

വന്‍കുടലിലെ കാന്‍സറിനെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 53 കാരന്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. 2018ല്‍ സ്ഥിരീകരിച്ച ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിന്റെ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍. ബ്രിട്ടനില്‍ തുടര്‍ചികിത്സക്ക് പോകാനിരിക്കെയാണ് കോവിഡ് വ്യപാനവും ലോക്ക്ഡൗണുമായി യാത്ര നീണ്ടുപോയത്. ഇതിനിടെ അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

ബോളിവുഡില്‍ അഭിനയ മികവ് കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇര്‍ഫാന്‍ ഖാന് സാധിച്ചിരുന്നു.സലാം ബോംബെയാണ് ആദ്യ ചിത്രം. മക്ബൂല്‍,പാന്‍ സിങ് ടോമര്‍,ദ ലഞ്ച് ബോക്സ്,ഹൈദര്‍,ഗുണ്ടേ,പിക്കൂ,തല്വാര്‍, ഹിന്ദി മീഡിയം എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഇര്‍ഫാന്‍ ജീവന്‍ നല്‍കി. ബോളിവുഡിന് പുറമെ ഓസ്‌കാര്‍ കരസ്ഥമാക്കിയ സ്ലംഡോഗ് മില്ലനിയര്‍,ജുറാസിക്ക് വേള്‍ഡ്,ദ അമേയ്സിങ് സ്പൈഡര്‍മാന്‍,ലൈഫ് ഓഫ് പൈ എന്നീ അന്താരാഷ്ട്ര ചിത്രങ്ങളിലും മികച്ച പ്രകടനം ഇര്‍ഫാന്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. .ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍.

SHARE