നടന്‍ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പില്‍ വിദ്വേഷ പ്രചരണം; കൊല്ലാനും കത്തിക്കാനും ആഹ്വാനം

ചലച്ചിത്ര നടന്‍ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം. സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഒന്നിലധികം തവണ പരസ്യമായി രംഗത്തു വന്ന അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ ‘കാവിപ്പട’യില്‍ നിറയുന്നത്. അലന്‍സിയറുടെ ചിത്രമടക്കം ‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയില്‍ കിട്ടിയാല്‍ എന്തു ചെയ്യും?’ എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിനു കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറയുന്നത്.

alencier01

സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പ്രസ്താവന നടത്തിയപ്പോള്‍ കാസര്‍കോട് നഗരത്തില്‍ അലന്‍സിയര്‍ നടത്തിയ ഏകാംഗ നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ പ്രസ്താവന നടത്തിയപ്പോള്‍, അലന്‍സിയര്‍ കണ്ണിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെത്തിയ അലന്‍സിയറുടെ നടപടി ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ഇതാണ് ഇപ്പോള്‍ സംഘ് പരിവാര്‍ അനുകൂലികളെ പ്രകോപിപ്പിരിക്കുന്നത്.

alencier-02

‘കാവിപ്പട’ ഗ്രൂപ്പിലെ അലന്‍സിയറിനെതിരായ പോസ്റ്റിന് ആറ് മണിക്കൂറിനകം ആയിരത്തോളം ലൈക്കാണ് ലഭിച്ചത്. 260 പേര്‍ പ്രതികരിക്കുകയും ചെയ്തു. ചുട്ടുകൊല്ലണം, വെട്ടിക്കൊല്ലണം, കാലും കൈയും വെട്ടും ബാക്കി വന്നാല്‍ കത്തിക്കും തുടങ്ങി അക്രമാസക്തമായ പ്രതികരണങ്ങളാണ് മിക്കതും. സഭ്യതയുടെ അടുത്തെങ്ങുമില്ലാത്ത വിശേഷണങ്ങളും തെറിവിളികളും ഇതിനു പുറമെയുണ്ട്.

alencier-03

സംഘ് പരിവാര്‍ കേന്ദ്രങ്ങളില്‍ ഏറെ ആരാധകരുള്ള പ്രൊഫൈല്‍ ആണ് അലന്‍സിയറിനെതിരെ പോസ്റ്റിട്ട ശ്രുതി അശോകന്‍. വിവിധ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമുള്ള പ്രൊഫൈല്‍ വ്യാജമാണെന്നാണ് സൂചന. ഒരു മാസം മാത്രം പ്രായമുള്ള ഈ പ്രൊഫൈലിനെ 1800-ലധികം പേര്‍ ഫോളോ ചെയ്യുന്നുണ്ട്.

കടുത്ത വര്‍ഗീയതയും വംശീയ വിദ്വേഷവും പ്രചരിപ്പിക്കുന്ന നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ നിലവിലുണ്ടെങ്കിലും അവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കേരള പൊലീസിലെ സൈബര്‍ വിഭാഗം തയാറാകാറില്ല. പരാതി നല്‍കിയാലും തണുത്ത സമീപനമാണ് ഉണ്ടാകാറുള്ളതെന്ന് പൊതു പ്രവര്‍ത്തകര്‍ പറയുന്നു.