അമേരിക്കക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല; അമേരിക്കയെ വിമര്‍ശിച്ച് റൂഹാനി

ടെഹ്‌റാന്‍: ഇസ്‌ലാമിക് വിപ്ലവത്തിന്റെ 41ാമത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍. അമേരിക്കയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിനിടയിലാണ് രാജ്യം ഇസ്‌ലാമിക് വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്.

ആഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ അമേരിക്കക്കെതിരെയുള്ള പ്രതിഷേധം പ്രകടമായിരുന്നു. ‘അമേരിക്കയുടെ അന്ത്യം’, ‘മരണംവരെ ഞങ്ങള്‍ പ്രതിരോധിക്കും’ തുടങ്ങിയ പോസ്റ്ററുകള്‍ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്.

റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അമേരിക്കക്കെതിരെ ശക്തമായ പ്രതികരിച്ചു. മുഹമ്മദ് ഷായുമായുള്ള അമേരിക്കയുടെ സഖ്യം തകര്‍ന്നതിന് ശേഷവും ഇസ്‌ലാമിക് വിപ്ലവം 41 വര്‍ഷം പിന്നിട്ടത് അമേരിക്കയ്ക്ക് അസഹ്യമായ കാര്യമാണെന്നാണ് റൂഹാനി പറഞ്ഞത്.

‘മഹത്തായ രാജ്യത്തിന്റെ വിജയം അംഗീകരിക്കാനും അതിശക്തമായ ഒരു രാജ്യത്തെ ഈ മണ്ണില്‍ നിന്ന് കെട്ട്‌ക്കെട്ടിച്ചത് ഉള്‍ക്കൊള്ളാനും അമേരിക്കയ്ക്ക് അസഹ്യമായിരിക്കും

അമേരിക്ക ഷായുമായി ഉണ്ടാക്കിയ സംഖ്യം തകര്‍ത്ത ശേഷം ഇസ്‌ലാമിക് റവലൂഷന്‍ 41 വര്‍ഷം പിന്നിട്ടു എന്നത് യു.എസിന് ദുസ്സഹമായിരിക്കും. അവര്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികമാണ്. കാരണം അവര്‍ക്കറിയാം ഞങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ശക്തരായ രാജ്യങ്ങളില്‍ ഒന്നാണെന്ന്’ റൂഹാനി പറഞ്ഞു.

അമേരിക്കയ്ക്ക് ഇറാന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലായിട്ടില്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.

1979 ലെ ഇസ്‌ലാമിക് വിപ്ലവത്തിലൂടെ യാണ് അമേരിക്കയുമായി സംഖ്യത്തിലായിരുന്ന മുഹമ്മദ് ഷായെ പുറത്താക്കി പ്രക്ഷോഭകാരികള്‍ ഇറാന്റെ അധികാരം പിടിച്ചെടുത്തത്.

SHARE