പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി ഇനി ഇന്ത്യയുടെ മരുമകന്‍


ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി ഇനി ഇന്ത്യയുടെ ഇന്ത്യയുടെ മരുമകന്‍. ഹസന്‍ അലിയുടെയും ഹരിയാന സ്വദേശിയായി ഷാമിയ അര്‍സുവും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു. ദുബായിലെ അറ്റ്‌ലാന്റിസ് പാം ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫ്‌ലൈറ്റ് എഞ്ചിനീയറാണ് ഷാമിയ അര്‍സു. ഇരുവരും വിവാഹം ചെയ്യാനുദ്ദേശിക്കുന്നുവെന്ന സൂചനയോടെ ഹസന്‍ അലി നേരത്തെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം ദുബായിലാണ് ഷാമിയ താമസിക്കുന്നത്. ബന്ധുക്കള്‍ ദില്ലിയിലും. ഒരു വര്‍ഷം മുന്‍പ് ദുബായില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്ന ആ ബന്ധമാണ് വിവാഹത്തിലെത്തിയത്.

പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. ജിയോ ന്യൂസാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തു വിട്ടത്. പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തി. വിവാഹക്കാര്യം പരമാവധി രഹസ്യമാക്കിവെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ മാധ്യമങ്ങളിലൂടെ ഇക്കാര്യം പരസ്യമായ സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയാണെന്നും ഹസന്‍ അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാക് ക്രിക്കറ്ററാണ് ഹസന്‍ അലി. പാകിസ്ഥാന്‍ ഓള്‍റൗണ്ടറായിരുന്ന ഷൊയൈബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും 2010ല്‍ വിവാഹിതരായിരുന്നു. മാലിക്കിന് പുറമെ സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരും ഇന്ത്യയില്‍ നിന്നാണ് വിവാഹം കഴിച്ചത്.