നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്നു; പിതാവ് അറസ്റ്റില്‍

ചണ്ഡീഗഡ്: നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ഹരിയാന ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളാണ് പൊലീസ് പിടിയിലായത്. ഇതില്‍ രണ്ടു കുട്ടികളെ പ്രതി അടുത്തിടെയാണു കൊന്നതെന്നും ഒരു പൊലീസ് വ്യക്തമാക്കി.

ജൂലൈ 20ന് ദിദ്‌വാര ഗ്രാമത്തിലെ പ്രതിയുടെ വീടിന് സമീപത്തെ കനാലില്‍നിന്നാണ് 11,7 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെ കാണാനില്ലെന്നു പറഞ്ഞു യുവാവ് തന്നെ പൊലീസില്‍ പരാതി നല്‍കി അഞ്ച് ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തിനിടെ ജുമ്മ പലതവണ മൊഴിമാറ്റിയതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയത്. രണ്ട് കുട്ടികളെ നഷ്ടപ്പെട്ടതില്‍ മാനസിക പ്രശ്‌നമുണ്ടെന്നു കരുതി ജുമ്മയെ അന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലീസ് കൃത്യമായി ചോദ്യം ചെയ്തിരുന്നില്ല. വില്ലേജ് പഞ്ചായത്ത് കൂടി അന്വേഷണത്തില്‍ ഇടപെട്ടതോടെ കുട്ടികളെ കൊലപ്പെടുത്തിയ കാര്യം പിതാവു തന്നെ സമ്മതിക്കുകയായിരുന്നു.

രണ്ടു കുട്ടികള്‍ക്കും മയക്കു മരുന്ന് നല്‍കിയ ശേഷം കനാലില്‍ എറിയുകയായിരുന്നെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി എഎസ്പി അജിത് സിങ് ഷെഖാവത്ത് പറഞ്ഞു. കൊലക്കുറ്റം ചുമത്തി വ്യാഴാഴ്ച വൈകിട്ടാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 11 വയസ്സില്‍ താഴെ പ്രായമുള്ള ജുമ്മയുടെ മൂന്ന് കുട്ടികളും മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഒരു കുട്ടി ഉറക്കത്തില്‍ മരിച്ചെന്നും മകള്‍ കളിക്കുന്നതിനിടെ മരിച്ചെന്നും മറ്റൊരു മകന്‍ ചര്‍ദ്ദിച്ചശേഷം മരിച്ചെന്നുമാണ് ഇയാള്‍ അയല്‍വാസികളോടു പറഞ്ഞത്. ഏറ്റവും ഒടുവില്‍ നടന്ന കൊലപാതകങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ഭാര്യയ്ക്കും ഇയാള്‍ ലഹരിമരുന്ന് നല്‍കിയതായും പൊലീസ് കണ്ടെത്തി. കൊലപാതകങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

SHARE