ബി.ജെ.പി രഹസ്യയോഗം ചേര്‍ന്നതായി രാംകുമാര്‍ ഗൗതം; ഹരിയാന സര്‍ക്കാര്‍ വീഴ്ചയുടെ വക്കില്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സഖ്യത്തിന്റെ പേരില്‍ ജനനായക് ജനതാ പാര്‍ട്ടിയില്‍ വിള്ളല്‍. ഉപമുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായി ദുഷ്യന്ത് ചൗത്താലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി എം.എല്‍.എ രാംകുമാര്‍ ഗൗതം രംഗത്ത്. ദുഷ്യന്തുമായി തെറ്റിയ രാംകുമാര്‍ ജെജെപിയുടെ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുകയും ചെയ്തു.

ബിജെപി സഖ്യം ദുഷ്യന്തിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്ന് രാംകുമാര്‍ ആരോപിച്ചു. ഗുരുഗ്രാമിലെ ഒരു മാളില്‍ സ്വകാര്യയോഗം ചേര്‍ന്നാണ് ബിജെപിയുമായി ദുഷ്യന്ത് സഖ്യം രൂപീകരിച്ചതെന്നും രാം കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി വ്യക്തമാക്കിയ ഗൗതം, എന്നാല്‍ താന്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ദുഷ്യന്ത് ഉപമുഖ്യമന്ത്രിയായത് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരുടെ പിന്തുണ കൊണ്ടാണ് മറന്നുപോകരുതെന്നും രാംകുമാര്‍ ഗൗതം പറഞ്ഞു. ഒക്‌ടോബറില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ജെജെപിയുടെ പിന്തുണയോടെയാണ് ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ശക്തമായ എതിര്‍പ്രചാരണം നടത്തിയ പാര്‍ട്ടിയുമായി ദുഷ്യന്ത് സഖ്യമുണ്ടാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു.

ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി വീഡിയോകളാണ് ദുഷ്യന്ത് പോസ്റ്റ് ചെയ്തിരുന്നത്. മുതിര്‍ന്ന നേതാവായ രാംകുമാര്‍ ഗൗതമിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ബിജെപിക്ക് എതിര്‍പ്പുണ്ടായിരുന്നു. ബിജെപിയുടെ ഹരിയാനയിലെ മുതിര്‍ന്ന നേതാവായ ക്യാപ്റ്റന്‍ അഭിമന്യുവിനെ തോല്‍പിച്ചാണ് രാംകുമാര്‍ ഗൗതം തിരഞ്ഞെടുപ്പില്‍ ജയിച്ചത്.
ഇദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ അത് എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് കരുതി ബിജെപി ദുഷ്യന്തിനെ സ്വാധീനിച്ചുവെന്നാണ് രാംകുമാര്‍ പക്ഷത്തുള്ളവര്‍ ആരോപിക്കുന്നത്.

ഒക്ടോബര്‍ 21 നാണ് ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്, ഒക്ടോബര്‍ 24 ന് ഫലംവന്നപ്പോള്‍ 90 സീറ്റുകളില്‍ 40 എണ്ണം മാത്രമാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 31 സീറ്റുകളും നേടി. ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ ജെജെപിയുമായ് ചേര്‍ന്ന് ബിജെപി ഇതര സര്‍ക്കാര്‍ വരുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 10 സീറ്റുള്ള ജെജെപിയുടെയും ചില സ്വതന്ത്രരുടെയും സഹായത്തോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

SHARE