മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

 

മാഹി: പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മാഹി മുന്‍സിപ്പല്‍ വാര്‍ഡ് അംഗമായിരുന്ന കണിപ്പൊയില്‍ ബാബുവാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. കഴുത്തിന് മാരകമായ വെട്ടേറ്റ ബാബുവിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്ത് അടുത്തിടെയായി അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യമാണോ അക്രമത്തിന് പിന്നിലെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് സി.പി.എം ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരിലും മാഹിയിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഇതിനിടെ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു. ഷൈനേജിനാണ് വെട്ടേറ്റത്. മാഹിപ്പാലത്തിന് സമീപത്താണ് സംഭവം. ഷൈനേജിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

SHARE