ഹര്‍ത്താലില്‍ സംഘര്‍ഷം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, നിരവധിപേര്‍ കസ്റ്റഡിയില്‍

കൊച്ചി: ഹര്‍ത്താലിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. വാഹനങ്ങള്‍ തടയാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കു പ്രകടനം നടത്തിയവര്‍ ട്രാഫിക് ഡിവൈഡറുകള്‍ മറിച്ചിട്ടു. തിരൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിന് 45 പേര്‍ വിവിധയിടങ്ങളില്‍ കസ്റ്റഡിയിലായിട്ടുണ്ട്.

പാലക്കാട് വാളയാറില്‍ തമിഴ്‌നാട് ബസിനു നേരെ കല്ലേറ്. കഞ്ചിക്കോട് കൊയ്യാമരക്കാട് ദേശീയപാത മേല്‍പാലത്തില്‍ വച്ചാണ് ബസിനു നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവര്‍ എതിര്‍വശത്തെ റോഡില്‍ നിന്നു കല്ലെറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് തടയാനെത്തിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് യാത്രക്കാര്‍ തീരെ കുറവുള്ള റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നില്ല. പേരൂര്‍ക്കടയില്‍ ബസിന് നേരെ കല്ലേറുണ്ടായി. പാലോടും ബസുകള്‍ തടയുന്നു. മലപ്പുറത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ആലുവ കുട്ടമശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ 108 ആംബുലന്‍സ് തകര്‍ത്തു. മണ്ണാര്‍ക്കാട് വാഹനം തടയാന്‍ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയാനോ കടകള്‍ അടപ്പിക്കാനോ സമ്മതിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

SHARE