‘പൗരത്വ ഭേദഗതിബില്‍ പാസായാല്‍ ഞാന്‍ മുസ്ലിമാകും’; ഹര്‍ഷ് മന്ദര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍. പൗരത്വഭേദഗതി ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് ഹര്‍ഷ് മന്ദറിന്റെ പരാമര്‍ശം. യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി അന്‍സില്‍ കെ.എം ഫേസ്ബുക്കിലൂടെയാണ് ഹര്‍ഷ് മന്ദറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം പങ്കുവച്ചത്.

‘നാളെ പൗരത്വ ഭേദഗതി ബില്‍ പാസായാല്‍, ഞാന്‍ മുസ്‌ലിമായി പ്രഖ്യാപിക്കും. രണ്ടാമതായി, എന്റെ അസ്തിത്വം തെളിയിക്കാന്‍ ഒരു രേഖയും ഞാന്‍ ഹാജരാക്കില്ല. മൂന്നാമതായി, ഭരണകൂടം ഏതെങ്കിലും മുസ്‌ലിമിനെ ജയിലില്‍ അടച്ചാല്‍ ഞാനും അതിലൊരാളാകും’ മന്ദറിനെ ഉദ്ധരിച്ച് വിദ്യാര്‍ത്ഥി കുറിച്ചു. പൗരത്വബില്ലിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് ഹര്‍ഷ് മന്ദറിന്റെ പരാമര്‍ശം.

അതേസമയം, പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഉച്ചക്ക് 12 മണി കഴിഞ്ഞാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയില്‍ വെച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഈ ബില്ല് നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ ജനതയെ ലക്ഷ്യം വക്കാനല്ലാതെ മറ്റൊന്നിനുമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അതേസമയം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി 0.001% പോലും ഒന്നും ഈ ബില്ലിലില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടി.

പൗരത്വ ബില്ലിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രംഗത്തുവന്നിരുന്നു. ഇന്ന് ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് ഇ.ടി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ മുസ് ലിങ്ങള്‍ മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും ഇ.ടി പറഞ്ഞു.

ബില്ലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ ബില്ലിനെതിരെ ലീഗ് എം.പിമാര്‍ പാര്‍ലമെന്റ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

SHARE