ഹാരി കെയിന് പരുക്ക്; ലോകകപ്പ് അവതാളത്തില്‍, ടോട്ടനത്തിനും ആഘാതം

ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍മൗത്തിനെതിരായ പോരാട്ടത്തിനിടെ കാലിന് പരുക്കേറ്റ ഹാരി ക്രച്ചസിലാണ് പുറത്തേക്ക് പോയത്. സാരമുള്ളതാണ് പരുക്കെന്നാണ് ആദ്യ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വലത് കാലിന് പരുക്കേറ്റ അതേ സ്ഥാനത്ത് തന്നെയാണ് വീണ്ടും പരുക്ക് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാണെന്ന സൂചനകളാണ് ടോട്ടനം മാനേജ്‌മെന്റ് നല്‍കുന്നത്. പുറത്തേക്ക് പോകവെ വാട്ടര്‍ ബോട്ടില്‍ തട്ടിത്തെറിപ്പിച്ചുള്ള ഹാരിയുടെ അരിശ പ്രകടനവും നല്ല സൂചനകളല്ല നല്‍കുന്നത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരമാണ് ഹാരി. ഈ സീസണില്‍ ഗോള്‍വേട്ടയില്‍ അദ്ദേഹമിപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാമനാണ്. ഹാരിയെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കുന്നുണ്ട്. കാര്യമായ കുഴപ്പമില്ലെങ്കില്‍ ലോകകപ്പ് മുന്‍നിര്‍ത്തി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ദേശീയ ടീം ആവശ്യപ്പെടും. അതിനിടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ബഹിഷ്‌ക്കരണ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്.


ടോട്ടനത്തിനും തിരിച്ചടിയാണ് ഹാരിയുടെ പരുക്ക്. എഫ്.എ കപ്പില്‍ സ്വാന്‍സിക്കെതിരായ ക്വാര്‍ട്ടറും പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ നിര്‍ണായക പോരാട്ടവും വരാനിരിക്കവെയാണ് പരുക്ക്. 4-1ന് ടോട്ടനം ജയിച്ച മല്‍സരത്തിന്റെ അവസാനത്തില്‍ മറ്റൊരു സ്‌ട്രൈക്കര്‍ ഡാലെ അലിയും പരുക്കേറ്റ് മടങ്ങിയിട്ടുണ്ട്.