ഹിന്ദി ഭാഷാ വിവാദം; പാര്‍ലമെന്റില്‍ സ്പീക്കര്‍ക്ക് ഇംഗ്ലീഷില്‍ മറുപടിയുമായി ശശി തരൂര്‍

രാജ്യത്ത് ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ രാജ്യത്ത് ഒരു രാജ്യം ഒരു ഭാഷ എന്ന് സംഘ്പരിവാര്‍ വാദത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 1957 മുതല്‍ ആര്‍.എസ്.എസിന്റെ ആവശ്യമായ ഒരു രാ ജ്യം ഒരു ഭാഷ എന്ന വാ ദത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് ഹിന്ദി രാജ്യവ്യാപകമായി ഉപയോഗിക്കണമെന്ന ആവശ്യം ഷാ ഉന്നയിച്ചത്.

എന്നാല്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനും, കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി കുമാര സ്വാമി , എ.െഎ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവരും വിവിധ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.

അതേസമയം ഹിന്ദി ഭാഷാ വിഷയത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ ബിജെപി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ക്ലിപ്പും ഇതിനകം തിരിഞ്ഞുകുത്തിയിരിക്കുകയാണ്. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ‘ഹിന്ദി ഭാഷ യു.എന്നില്‍’ എന്ന വിഷയത്തില്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ പറയുമ്പോള്‍ തരൂര്‍ ഇംഗ്ലീഷില്‍ നല്‍കുന്ന മറുപടിയാണ് വീഡിയോയില്‍ ഉള്ളത്. ഭരണഘടനയില്‍ ആര്‍ട്ടിക്കില്‍ 43 പ്രകാരം ഹിന്ദി ദേശീയ ഭാഷയാണെന്ന് പറയുന്നുണ്ടെങ്കിലും ഗുജറാത്ത് ഹൈക്കോടതി ഹിന്ദി രാഷ്ട്ര ഭാഷയെല്ലെന്ന് വ്യക്തമാക്കിയതാണെന്നും തരൂര്‍ വ്യക്തമാക്കുന്നതാണ് വീഡിയോ. മുന്‍ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ മുന്‍നിര്‍ത്തിയാണ് തരൂര്‍ മറുപടി നല്‍കുന്നത്.

എന്നാല്‍ ‘ശശി തരൂരിന്റെ കാപട്യം അതിന്റെ ഉച്ഛിയില്‍’ എന്ന തലക്കെട്ടോടെയാണ് ബിജെപി തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണിപ്പോള്‍ ബിജെപിക്ക് സമൂഹമാധ്യമങ്ങളില്‍ തിരിച്ചടിയായിരിക്കുന്നത്. ഇതിലെവിടെയാണ് കാപട്യമെന്നും തരൂര്‍ പറയുന്നതാണ് യാഥാര്‍ത്ഥ്യമെന്നും ബിജെപി മണ്ടത്തരം പറയുകയാണെന്നുമാണ് വീഡിയോക്ക് കമെന്റായി വരുന്നത്.