ന്യൂഡല്‍ഹി: വന്‍ മുന്നേറ്റം നടത്തി ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനം വീണ്ടും ഭരിക്കുമെന്ന് ഉറപ്പായിരിക്കെ ഒരു സീറ്റില്‍ കോണ്‍ഗ്രസിനും ലീഡ്. ഫലം പൂര്‍ത്തിയാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഹാരൂണ്‍ യൂസഫ് ബല്ലിമരണ്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. അതേസമയം ഹാരൂണ്‍ യൂസഫ് വെല്ലുവിളിയുമായി ആപ്പ് സ്ഥാനാര്‍ത്ഥി ഇമ്രാന് ഹുസൈനും ബിഎസ്പി സ്ഥാനാര്‍ത്ഥി ദീപ് ചന്ദും ലീഡില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
നേരത്തെ ആല്‍ക്കാ ലംബ ചാന്ദ്നി ചൗക്കിലും ലീഡ് ചെയ്തിരുന്നു.
രാവിലെ എട്ടുമണിക്കു ആരംഭിച്ച ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആപ്പ് ലീഡ് ചെയ്യുകയാണ്.
ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മുന്നിലാണ്. എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. ഡല്‍ഹയിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നതായാണ് വിവരം. ഇതിനിടെഅരവിന്ദ് കെജ്രിവാള് എഎപി ആസ്ഥാനത്ത് എത്തി.
ജയം നേടുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതികരിച്ചു. വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും കഴിഞ്ഞ അഞ്ച് വര്‍ഷവും തങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സിസോദിയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷേപങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വികസനം ആയുധമാക്കി പ്രചരണത്തിനിറങ്ങിയ ആപ്പിന്റെ വിജയം വര്‍ഗീയതയും വിഭാഗീയതയും പ്രചാരണമാക്കിയ ബിജെപിക്ക് വന്‍ തിരിച്ചടിയാവും. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിന്റെ ഫലമറിയാന്‍ രാജ്യമെമ്പാടും ആകാംഷയോടെ കാത്തിരിക്കുകയാണ്.
അതേസമയം, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്നേ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി രംഗത്തെത്തി.
‘ഞാന്‍ അസ്വസ്ഥനല്ലെന്നും ബിജെപിയെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാകുമെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ അധികാരത്തില്‍ വരും. 55 സീറ്റുകള്‍ നേടിയാല്‍ അത്ഭുതപ്പെടരുത്.’ രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ബിജെപി അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.