ഹരിത സമൃദ്ധിയില്‍ മുന്നേറി ഫുജൈറയിലെ തോട്ടങ്ങള്‍

 

ഫുജൈറയിലെ കൃഷിത്തോട്ടങ്ങള്‍ മലയാളികളായ കാഴ്ചക്കാര്‍ക്ക് കേരളത്തിലെത്തിയ പ്രതീതി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ, ചോളം, മരച്ചീനി എന്നുവേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷി ചെയ്യുന്ന ഒരു വിധം ഉല്‍പന്നങ്ങളെല്ലാം ഇവിടത്തെ മണ്ണിലും വിളയിക്കുന്നു. പാഴ്മണ്ണില്‍ പോലും സമൃദ്ധമായി വളരുന്ന മുരിങ്ങക്കായ് സുലഭമായാണ് ഇവിടെ വളരുന്നത്. കാര്‍ഷിക സംസ്‌കാരത്തില്‍ കേളി കേട്ട തമിഴ് വംശജര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് അറബികളുടെ ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന കൃഷിത്തോട്ടങ്ങള്‍ പരിചരിക്കുന്നത്. നല്ലവരായ തോട്ടം മുതലാളികളായ അറബികള്‍ തോട്ടത്തിലെത്തുന്ന എല്ലാര്‍ക്കും ആതിഥ്യ മര്യാദയോടെ എന്തു വേണമെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കുന്നു. നിറയെ മധുര മാങ്ങ, ഈത്തപ്പഴം, സപ്പോട്ട, നാരങ്ങ തുടങ്ങി കൈയ്യെത്തും ദൂരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങള്‍ നിരവധിയാണ് ഫുജൈറയില്‍.തോട്ടത്തിലേക്ക് പ്രവേശിക്കുന്ന ഓരോ മലയാളിക്കും ഗൃഹാതുരതമായ ഓര്‍മയാണ് ഇവയെല്ലാം സമ്മാനിക്കുക. വെറുതെ ഒന്നു കാണാനും അല്‍പം ഫോട്ടോയെടുക്കാനും ഫുജൈറയിലെത്തുന്ന സഞ്ചാരികളെ തോട്ട ഉടമകളായ അറബികള്‍ സ്‌നേഹപൂര്‍വം തന്റെ ഫാം ഹൗസ് മുഴുവന്‍ കണിച്ചു തരികയും അത്യപൂര്‍വമായ ഈത്തപ്പഴവും തേനും കൊടുത്ത് സല്‍ക്കരിക്കുകയും ചെയ്യാറുണ്ട്.
മാന്‍, മുയല്‍, എരുമ, പശു, ആട്, വിവിധയിനം കോഴികള്‍, താറാവുകള്‍ എന്നു വേണ്ട ഇവിടത്തെ ഫാമുകളില്‍ എല്ലാമുണ്ട്. ചിലേടങ്ങളില്‍ പീലി വിടര്‍ത്തിയാടുന്ന മയില്‍ക്കൂട്ടങ്ങളെയും കാണാം, ഫുജൈറ പട്ടണത്തിന്റെ ഒത്ത നടുവിലെ ഹാഷിം പള്ളിക്ക് പിറകിലുള്ള വിശാലമായ ഫാമില്‍. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ഗ്രാമീണ വശ്യത നുകരാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. പൂര്‍ണമായും കൃഷിത്തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഇത് മരുഭൂമിയില്‍ വിളയിച്ചെടുത്ത ഹരിത വിസ്മയമാണെന്ന് ആരും പറയില്ല.

SHARE