‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’; ജയില്‍ സന്ദര്‍ശനത്തിനിടെ ദിലീപ് പൊട്ടിക്കരഞ്ഞുവെന്ന് ഹരിശ്രീ അശോകന്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിച്ചപ്പോള്‍ ദിലീപും താനും പൊട്ടിക്കരഞ്ഞുവെന്ന് നടന്‍ ഹരിശ്രീ അശോകന്‍. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞായിരുന്നു ദിലീപ് പൊട്ടിക്കരഞ്ഞതെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

ജയിലില്‍ ആകെ 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച്ചക്ക് അനുവാദമുണ്ടായിരുന്നത്. കണ്ടയുടനെ താനും ദിലീപും പൊട്ടിക്കരയുകയായിരുന്നു. എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞായിരുന്നു ദിലീപിന്റെ കരച്ചിലെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. പിന്നീട് നിറകണ്ണുകളോടെ മുഖത്തോട് മുഖം നോക്കി നില്‍ക്കുകയായിരുന്നു. കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ല. ദിലീപിനെതിരെ ഗൂഢാചോലനയുണ്ടോയെന്നും അറിയില്ല. അവസരം കിട്ടിയാല്‍ താന്‍ ജയിലില്‍ ചെന്ന് ദിലീപിനെ കാണും. റണ്‍വെ സിനിമയിലാണ് ദിലീപിനെ ജയില്‍ വേഷത്തില്‍ കണ്ടിട്ടുള്ളത്. അത്തരം വേഷത്തില്‍ കണ്ടപ്പോള്‍ വേദന തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് കച്ചവടതാല്‍പ്പര്യമാണുള്ളത്. കേസില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിക്കുംവരെ ദിലീപിനെ ശിക്ഷിക്കരുത്. ജനങ്ങള്‍ ദിലീപിനെതിരെയാണെന്നുള്ളത് വെറുതെയാണ്. പലരും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നാണ് പറയുന്നത്. ജനങ്ങളുടെ സ്വീകാര്യത കലക്കാണ്. ദിലീപിന്റെ സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ തിയ്യേറ്ററില്‍ പോയി കാണുമെന്നും ഹരിശ്രീഅശോകന്‍ കൂട്ടിച്ചേര്‍ത്തു. ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള സന്ദര്‍ശകരുടെ തിക്കുംതിരക്കുമാണിപ്പോള്‍. നേരത്തെ കെ.പി.എ.സി ലളിത ദിലീപിനെ സന്ദര്‍ശിച്ചത് വിവാദങ്ങള്‍ക്കിട വരുത്തിയിരുന്നു.