ബി.ജെ.പി, ആര്‍.എസ്.എസ്, സെന്‍കുമാര്‍മാരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല ഹരീഷ് വാസുദേവന്‍

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

രാജ്യസ്‌നേഹം ആര്‍ക്ക്?

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടാനുള്ള സമരത്തില്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം നിന്നവരോ, സമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ്‌കാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരോ ആണ് ആര്‍.എസ്.എസുകാര്‍.

ഈ രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്തവരാണ് ആര്‍.എസ്.എസ്. അത് തള്ളിപ്പറഞ്ഞവരാണ്.

ദേശീയ പതാകയോ?
ത്രിവര്‍ണ്ണ പതാക ആര്‍.എസ്.എസ് അംഗീകരിച്ചിട്ടില്ല.

ദേശീയഗാനത്തെ തള്ളിപ്പറഞ്ഞവരാണ് ആര്‍.എസ്.എസുകാര്‍.

രാഷ്ട്രപിതാവോ?
മഹാത്മാഗാന്ധിയെ ആര്‍.എസ്.എസ് അംഗീകരിക്കുന്നില്ല. ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെ ആര്‍.എസ്.എസ് അനുഭാവി. ഗാന്ധിവധ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന സവര്‍ക്കര്‍ ആര്‍.എസ്.എസ് ആചാര്യന്‍.

ആ സവര്‍ക്കറുടെ ഫോട്ടോ പാര്‍ലമെന്റിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും വെച്ചത് ആര്‍.എസ്.എസ്/ബി.ജെ.പിക്കാര്‍.

മഹാത്മാഗാന്ധിയുടെ ഫോട്ടോയിലേക്ക് പ്രതീകാത്മകമായി ഇപ്പോഴും നിറയൊഴിക്കുന്നത് ബി.ജെ.പി നേതാക്കള്‍.

ഇന്ത്യയെ ഇന്ത്യയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചു, ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇതൊക്കെയാണ് ബി.ജെ.പിയുടെ സംഭാവന.

ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോള്‍ ഇന്ത്യ വേണ്ട പാക്കിസ്ഥാന്‍ മതിയെന്ന് തീരുമാനിച്ചു പാക്കിസ്ഥാനില്‍ കുടിയേറിവരാണ് അവിടത്തെ പൗരന്മാര്‍. 70 വര്‍ഷത്തിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 3 യുദ്ധങ്ങള്‍ നടന്നു. കാര്‍ഗില്‍ ആയിരുന്നു അവസാനത്തേത്. ആ യുദ്ധങ്ങളിലെല്ലാം പാക്കിസ്ഥാനോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് എതിരെ യുദ്ധം ചെയ്ത, അവരെ പിന്തുണച്ച ചിലര്‍ ഒരു രേഖയുമില്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നു. അവര്‍ ഒരുവശത്ത്.

ഇന്ത്യ സ്വാതന്ത്രമാകാന്‍ ജീവന്‍ കൊടുത്ത, വിഭജന സമയത്ത് പാക്കിസ്ഥാന്‍ എന്ന മതരാഷ്ട്രത്തെ തള്ളിപ്പറഞ്ഞു ഇന്ത്യയെന്ന മതേതര രാജ്യം സ്വീകരിച്ചു 3 യുദ്ധങ്ങളിലും ഇന്ത്യയെ പിന്തുണച്ച, യുദ്ധത്തില്‍ പങ്കെടുത്ത മുസ്‌ലീം സഹോദരങ്ങള്‍ മറുവശത്ത്.

മതാടിസ്ഥാത്തില്‍ പൗരത്വം തീരുമാനിക്കാനും, പാക്കിസ്ഥാനിലെ ഹിന്ദുവിന് ഇന്ത്യയില്‍ പൗരത്വം നല്‍കാനും ഇന്ത്യയിലെ മുസ്ലീങ്ങളെ ‘ചിതലുകളാക്കി’ പൗരത്വം നിഷേധിക്കാനും പുറത്താക്കാനും നിയമനിര്‍മ്മാണം വഴി പദ്ധതി ഉണ്ടാക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്തത്.

സത്യത്തില്‍ ആരാണ് പാക്കിസ്ഥാന് വേണ്ടി വാദിക്കുന്നത്?? നമ്മളോ അവരോ?

ഓരോ തവണ ബി.ജെ.പി പ്രതിസന്ധിയില്‍ ആകുമ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിലെന്ന പോലെ തീവ്രവാദികള്‍ രാജ്യത്ത് ബോംബ് പൊട്ടിക്കുന്നു.. പാര്‍ലമെന്റ് അക്രമിക്കപ്പെടുന്നു.. രാജ്യസ്‌നേഹികളായ പാവം പട്ടാളക്കാരെ കൊല്ലുന്നു.. ബി.ജെ.പി രക്ഷപ്പെടുന്നു.. പൊതുബോധം സംരക്ഷിക്കാന്‍ ചില മുസ്‌ലീം നാമാധാരികളെ തൂക്കി കൊല്ലുന്നു..

അവരാണ് നമ്മളെ, പതാകയും, ഭരണഘടനയും, ഗാന്ധിയെയും അംഗീകരിച്ചു ബഹുമാനിക്കുന്ന ഇന്ത്യക്കാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നത്..

ഈ രാജ്യത്തെ ഹിന്ദുമുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിച്ചു രാജ്യംവിടാന്‍ വലിയ മുതലാളിമാരെ സഹായിക്കുന്ന ബി.ജെ.പി/ആര്‍.എസ്.എസുകാര്‍ സത്യത്തില്‍ രാജ്യദ്രോഹികളാണ്. അവരേ പിന്തുണയ്ക്കുന്ന സെന്‍കുമാരന്മാരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല.

അഡ്വ.ഹരീഷ് വാസുദേവന്‍.