കോഴിക്കോട്: പരിസ്ഥിതി ആഘാത നിര്‍ണയ കരടായ ഇഐഎ 2020 പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. പരിസ്ഥിതി വിഷയങ്ങളില്‍ സ്വന്തം പാര്‍ട്ടിയുടെ നയം നടപ്പിലാക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഭരണമെന്നും മുഖ്യമന്ത്രിയോട് ഹരീഷ് ചോദിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പരിസ്ഥിതി വിരുദ്ധ നീക്കത്തിനെതിരെ സേവ് ഇഐഎ ഹാഷ്ടാഗുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷിന്റെ പ്രതികരണം.
‘കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ EIA 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോയെന്ന് ഹരീഷ് ചോദിച്ചു. സി.പി.ഐ.എം ഭരിക്കുന്ന എത്ര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടെന്നും വൃന്ദകാരാട്ടിന്റെ കത്ത് ഇതിലെത്രപേര്‍ വായിച്ചിട്ടുണ്ടാകും അദ്ദേഹം ചോദിച്ചു. EIA 2020 പിന്‍വലിക്കാന്‍ കാരണങ്ങള്‍ അക്കമിട്ടു പാര്‍ട്ടി പോളിറ്റ്ബ്യുറോയും കേന്ദ്രകമ്മിറ്റിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ നിയമത്തിനു മുന്നില്‍ ഞാനും നിങ്ങളും ആവശ്യപ്പെടുന്ന വിലയേ അതിനുള്ളൂവെന്നും അദ്ദേഹം കുറിച്ചു. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണമെന്നും പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യില്‍ ആണെന്ന് മറക്കരുതെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 11 ആണ് അവസാന തീയതിയെന്നും സഖാക്കള്‍ ഈ പോസ്റ്റിന് ലൈക്ക് ചെയ്യണ്ടെന്നും പകരം സര്‍ക്കാറിനെക്കൊണ്ട് നിലപാട് കേന്ദ്രത്തെ അറിയിപ്പിക്കണമെന്നും, പോസ്റ്റില്‍ ഹരീഷ് ആവശ്യപ്പെട്ടു.
2020 മാര്‍ച്ച് 23 നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പാരിസ്ഥിതികാഘാത നിര്‍ണ്ണയ വിജ്ഞാപനം അഥവാ ഇ.ഐ.എ- 2020 പുറത്തിറക്കിയത്. ഈ വിജ്ഞാപനം പ്രകാരം രാജ്യത്തെ നേരത്തെയുണ്ടായ പാരിസ്ഥിതികാഘാത വിഷയങ്ങളിലെ പരിശോധനകളില്‍ വലിയ മാറ്റങ്ങാണ് വന്നിരിക്കുന്നത്. എല്ലാ പുതിയ പദ്ധതികള്‍ക്കും പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാണെങ്കിലും അതുനേരത്തെ വേണ്ടതില്ല എന്ന രീതിയിലുള്ള മാറ്റങ്ങളാണ് പുതിയ ചട്ടങ്ങളില് വരുന്നത്.
വിജ്ഞാപനം പുറത്തു വന്നതുമുതല്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഋകഅ 2020ക്കെതിരെ വലിയ ക്യാമ്പയിനും ഒപ്പുശേഖകണവും നടക്കുന്നുണ്ട്. വാണിജ്യ ലാഭത്തിനായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട മൂല്യങ്ങളെ അവഗണിക്കുന്നുവെന്നും പ്രതികരിക്കാനുള്ള പൊതുജനത്തിന്റെ അവകാശത്തെ വെട്ടിക്കുറച്ച് കുത്തകള്‍ക്കായി പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഇളവ് ചെയ്തു കൊടുക്കുന്നതായും വിമര്‍ശനമുണ്ട്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം