ടീമില്‍ നിന്ന് പുറത്തായതിന് പിന്നെ പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി; ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡല്‍ഹി: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു.
തങ്ങളുടെ മൂല്യങ്ങള്‍ക്ക് ചേരാത്ത രീതിയിലുള്ള പരാമര്‍ശമാണ് പാണ്ഡ്യ നടത്തിയതെന്ന് കരാര്‍ റദ്ദാക്കിക്കൊണ്ട് ഗില്ലറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹര്‍ദിക്ക് പാണ്ഡ്യയെയും കെ.എല്‍ രാഹുലിനെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓസീസ് പര്യടനം അവസാനിപ്പിച്ച് എത്രയുംവേഗം നാട്ടിലേക്കു മടങ്ങാനുള്ള ബിസിസിഐ നിർദേശത്തെത്തുടർന്ന് ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പരയും ഇവര്‍ക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഏകദിന, ടി20 പരമ്പരകളാണ് ന്യൂസിലന്‍ഡില്‍ ഇന്ത്യയ്ക്കുള്ളത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇരുതാരങ്ങളോടും എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരെയും എത്രകാലത്തേക്ക് വിലക്കിയെന്ന കാര്യത്തില്‍ ബിസിസിഐ പ്രതികരിച്ചിട്ടില്ല. വിലക്ക് നീട്ടാനാണ് നിലവിലെ തീരുമാനമെന്നാണ് സൂചന. എത്രയും വേഗം സെലക്ഷന്‍ കമ്മറ്റി ചേരുമെന്നും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെയും ന്യൂസിലന്‍ഡിലെ പരമ്പരയിലെയും ഹര്‍ദിക്കിന്റെയും രാഹുലിന്റെയും പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചത്.
ഇതോടെ ഇരു പരമ്പരകളും താരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായത്. ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമ്പരകള്‍ നഷ്ടമാകുമെന്നത് ഫോമിലുള്ള ഹര്‍ദിക്കിനും രാഹുലിനും തിരിച്ചടിയാകും. തിരികെ വരുമ്പോള്‍ ഫോം തുടരുക മാത്രമല്ല പുതിയതായി അവസരം ലഭിച്ചവരുടെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഇരുവരുടെയും ലോകകപ്പ് സാധ്യതകള്‍.

SHARE