അശ്വിന്റെ വിക്കറ്റ് നേട്ടത്തെ പരിഹസിച്ച് ഹര്‍ഭജന്‍; മറുപടിയുമായി കോഹ്‌ലി

ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം നേടിയപ്പോള്‍ താരമായ രവിചന്ദ്ര അശ്വിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിംഗ്. പരമ്പരയില്‍ ആകെ 27 വിക്കറ്റും മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവുമായി പ്രകടനം നടത്തിയ അശ്വിനെ ക്രിക്കറ്റ് ലോകമാകെ പ്രശംസയില്‍ മൂടുമ്പോഴാണ് പരിഹാസ ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ സ്പിന്‍ ബോളര്‍ രംഗത്തെത്തിയത്.

ഇപ്പോഴത്തെ സ്പിന്നിനെ പിന്തുണക്കുന്ന പിച്ചുകളില്‍ കളിക്കാനാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ എന്റെയും അനില്‍ കുംബ്ലെയുടെയും വിക്കറ്റ്‌നേട്ടം ഇതിനേക്കാള്‍ അധികമാകുമായിരുന്നു, എന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ പറഞ്ഞത്.

എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറുപടി നല്‍കി. ഇന്‍ഡോര്‍ ടെസ്റ്റ് മത്സര ശേഷം വാര്‍ത്താസമ്മേളനത്തിയിരുന്നു കോഹ്‌ലിയുടെ മറുപടി.

ആരാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ട്വീറ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്യാപ്റ്റന്‍ പ്രതികരിച്ചത്. ഹര്‍ഭജന്‍ സിംഗാണെന്ന് പറഞ്ഞപ്പോള്‍ ദേഷ്യം വിട്ട് കോഹ്‌ലി ഉത്തരം നല്‍കി. പിച്ചിന്റെ സഹായം കൊണ്ട് മാത്രമല്ല പന്ത് തിരിയുന്നത്. പന്തിന്റെ വൈവിധ്യവും തോളിന്റെ ഉപയോഗവുമെല്ലാം അതിലെ ഘടകങ്ങളാണ് കോഹ്‌ലി ഹര്‍ഭജനെ കളിയാക്കി പറഞ്ഞു. എത്ര ടേണിങ് പിച്ചാണെങ്കിലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് ലഭിക്കുവെന്നും കോഹ്‌ലി വ്യക്തമാക്കി.

കിവീസിനെതിരായ പരമ്പരയില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. 46 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിംഗിന്റെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്.

SHARE