കൊച്ചി: അടുത്ത സീസണില്‍ എ.ടി.കെയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്. ക്ലബുമായി 2022 വരെ കരാറുണ്ടെന്നും ഇവിടെ കളിക്കുന്നത് തന്നെയാണ് കൂടുതല്‍ സന്തോഷമെന്നും സഹല്‍ പറഞ്ഞു.
മുന്‍ കോച്ച് എല്‍കോ ഷട്ടോരിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. എല്‍കോ വളരെ മികച്ച രീതിയില്‍ കളി പറഞ്ഞു തന്നിരുന്നു. കളിക്കാരന് എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹം ഉദ്ദേശിച്ച തലത്തില്‍ എത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്- താരം കൂട്ടിച്ചേര്‍ത്തു. ഇഷ്ട പൊസിഷന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഷട്ടോരിക്ക് കീഴില്‍ സഹല്‍ മിക്കപ്പോഴും കളിച്ചത് വിങ്ങുകളിലായിരുന്നു. ഇത് താരത്തിന്റെ സ്വതസിദ്ധമായ ഒഴുക്കിനെ ബാധിച്ചു എന്ന വിമര്‍ശമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സില്‍ സന്തുഷ്ടനല്ല എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് താരം കൊല്‍ക്കത്തയിലേക്ക് പോകുന്നു എന്ന അഭ്യൂഹം പരന്നത്. എന്നാല്‍ അടുത്ത സീസണിലും മലയാളികളുടെ ഇഷ്ട താരം ബ്ലാസ്റ്റേഴ്സില്‍ ത്ന്നെ കാണുമെന്ന് ഏകദേശം ഉറപ്പായി.
അടുത്ത സീസണിലേക്കായി വന്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. മോഹന്‍ ബഗാന് പരിശീലകനായിരുന്ന കിബു വിക്കുനയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജര്‍. ബഗാനില്‍ യുവതാരങ്ങള്‍ക്ക് നില്ല അവസരം നല്കിയ കോച്ചാണ് വിക്കു. സഹല്‍ അടക്കമുള്ളവര്‍ക്ക് വിക്കുനയുടെ കീഴില്‍ ശോഭിക്കാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.