അപകടത്തിനു പിന്നില്‍ ദുരൂഹത, മനപ്പൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: ഹനാന്‍

കൊച്ചി: തന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ഹനാന്‍. വാഹനാപകടം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന സംശയമുണ്ടെന്ന് ഹനാന്‍ പറഞ്ഞു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നു. കൂടാതെ പൊലീസ് ചോദിച്ചപ്പോള്‍ അപകടസമയത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം ഡ്രൈവര്‍ പലപ്പോഴായി മാറ്റിപ്പറയുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഹനാന്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച കൊടുങ്ങല്ലൂരില്‍ കോതപറമ്പിനും ചന്തപ്പുരക്കും മധ്യേയാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന ഹനാന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹനാനെ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നതിന് മീന്‍വില്‍പന നടത്തി സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ ശ്രദ്ധ നേടിയിരുന്നു.

SHARE