ആത്മ സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍

 

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

ആത്മ സമര്‍പ്പണത്തിന്റെയും ആത്മഹര്‍ഷത്തിന്റെയും ഒരു ബലിപെരുന്നാള്‍കൂടി സമാഗതമായിരിക്കുന്നു. വിശ്വാസിയുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ ചരിത്രവും അധരങ്ങളില്‍ തക്ബീര്‍ ധ്വനികളും മുഖരിതമാകുന്ന സുവര്‍ണ ദിനങ്ങള്‍. ഹൃദയത്തില്‍ ആനന്ദം സൃഷ്ടിച്ച് കൊണ്ടാണ് ഓരോ ആഘോഷങ്ങളും കടന്നുവരാറുള്ളത്. വിഷമിക്കുന്നവര്‍ക്ക് സമാശ്വാസത്തിന്റെ ശമനൗഷധമായി മനുഷ്യ ബന്ധങ്ങളെ കൂടുതല്‍ സുഭദ്രവും സുദൃഢവുമാക്കി ഇളക്കിച്ചേര്‍ക്കുന്ന സ്‌നേഹത്തിന്റെ പുതിയ പട്ടുനൂലായും നിലകൊള്ളുന്നു. അതുകൊണ്ട്തന്നെ ഓരോ ആഘോഷ വേളകളും പുതിയ കാലത്തേക്കുള്ള ഊര്‍ജ്ജമാണ് പ്രദാനം ചെയ്യുന്നത്. വ്രതശുദ്ധിയുടെ അനുഗ്രഹീത പരിസമാപ്തിയാണ് ചെറിയ പെരുന്നാളെങ്കില്‍ ആത്മത്യാഗത്തിന്റെ അനശ്വര ഗീതമാണ് ബലിപെരുന്നാള്‍ ഓര്‍മപ്പെടുത്തുന്നത്. ദുര്‍ഘടമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന നവസമൂഹത്തിന് സല്‍ പാന്ഥാവിലേക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ ബലിപെരുന്നാള്‍ സ്മരണകളും.
ഓജസ്സുറ്റ ഓര്‍മകളാണ് ഓരോ ദുല്‍ഹജ്ജും വിശ്വാസിക്ക് സമ്മാനിക്കുന്നത്. നല്ല സ്മരണകള്‍ ഉണര്‍ത്തുന്ന അനവധി ചരിത്ര സംഭവങ്ങളുടെ സാക്ഷികൂടിയാണ് ദുല്‍ഹജ്ജ് മാസം. അത്യുജ്ജലമായ വിശ്വാസത്തിന്റെയും അദമ്യമായ ദൈവാഭിനിവേശത്തിന്റെയും ഉല്‍കൃഷ്ടമായ ഉടല്‍രൂപമായി പ്രോജ്വലിച്ച് നില്‍ക്കുന്ന ഇബ്രാഹീം നബിയാണ് ഇവിടത്തെ കേന്ദ്ര ബിന്ദു. യുഗങ്ങള്‍ക്കപ്പുറത്തു നിന്ന് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹിത സന്ദേശം നല്‍കി ജീവിച്ചു കാണിച്ച ഇബ്രാഹീം നബി, കാലങ്ങളും ദേശങ്ങളും നാഗരികതകളും അചിന്ത്യമായി മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടും ആ നാമവും ചരിത്രവും വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചകളായി വീണ്ടും നമുക്ക് മുന്നില്‍ ഇതള്‍ വിരിയുകയാണ്. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ തനിക്ക് കിട്ടിയ ഒരേയൊരു കണ്‍മണിയെ ബലിയര്‍പ്പിക്കാന്‍ സ്വപ്‌നദര്‍ശനം വഴി സ്രഷ്ടാവ് കല്‍പ്പിച്ചപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ അത് നടപ്പിലാക്കാന്‍ സര്‍വാത്മനാ തയ്യാറായത് ഇബ്രാഹീം നബിയുടെ വിശ്വാസത്തിന്റെ തീക്ഷ്ണതയാണ് അടയാളപ്പെടുത്തുന്നത്. ഈ തീരുമാനം പുനഃപരിശോധിക്കാനോ, അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനോ ഈ വിധിയില്‍ ആധി കൊള്ളാനോ ആ മഹാനുഭാവന്‍ തയ്യാറായില്ല. മാത്രമല്ല, ദൈവഹിതം യഥാവിധി ജീവിതത്തില്‍ പകര്‍ത്താനും പ്രാവര്‍ത്തികമാക്കാനും അതുവഴി അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും നേടുക എന്ന പരമമായ താല്‍പര്യമാണ് അവരെ മുന്നോട്ട് നയിച്ചിരുന്നുവെന്ന് സാരം.
ദൈവേഛ നടപ്പില്‍ വരുത്തുന്നതില്‍ നിന്ന് വ്യതിചലിക്കാന്‍ മകന്‍ ഇസ്മാഈല്‍ നബി (അ) ഒരിക്കലും തയ്യാറായില്ല എന്നു മാത്രമല്ല, സ്വപ്‌ന ദര്‍ശനത്തിന്റെ വിഷയമറിഞ്ഞ ഉടനെ പിതാവിന് ധൈര്യം പകരുകയും ദൈവഹിതം നടപ്പിലാക്കാന്‍ സ്വമേധയാ മുന്നോട്ട് വരികയുമാണ് ചെയ്തത്. പിതാവ് ഇബ്രാഹീം നബിയെപ്പോലത്തന്നെ മകന്‍ ഇസ്മാഈല്‍ നബിക്കും ക്ഷമയും സ്ഥൈര്യവും വേണ്ടുവോളം ഉണ്ടായിരുന്നു. ദൈവേഛ നടപ്പില്‍ വരുത്താന്‍ സ്വയം പിതാവിന് മുന്നില്‍ ബലിനല്‍കാന്‍ തയ്യാറായി കിടക്കുകയും, പിതാവ് ഇബ്രാഹീം നബി (അ) മകന്റെ കഴുത്തില്‍ കത്തിവെക്കുകയും ചെയ്തു. പക്ഷേ അത്ഭുതകരം കത്തി ഫലിക്കുന്നില്ല. അവസാനം ഇബ്രാഹീം നബി (അ)യുടെ സന്നദ്ധത പ്രശംസിക്കപ്പെടുകയും പകരം ഒരാടിനെ ബലിയര്‍പ്പിക്കാന്‍ സ്രഷ്ടാവ് കല്‍പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. സൃഷ്ടികര്‍ത്താവിന് മുമ്പില്‍ സൃഷ്ടികള്‍ ഒന്നുമല്ലെന്നും സമ്പൂര്‍ണാര്‍ത്ഥത്തിലുള്ള സമര്‍പ്പണവും അചഞ്ചലമായ വിശ്വാസവുമാണ്് മോക്ഷമാര്‍ഗമെന്നുമുള്ള സന്ദേശമാണ് ഈ ചരിത്രം വിളിച്ച് പറയുന്നത്.
അത്ഭുതകരമായൊരു അതിജീവനത്തിന്റെ കഥയും ഈ വിശുദ്ധ മാസത്തിന് പറയാനുണ്ട്. ദൈവ കല്‍പ്പന പ്രകാരം മഹാനായ ഇബ്രാഹീം (അ) ഭാര്യയെയും മകനെയും വിജനമായ മരുഭൂമിയില്‍ തനിച്ചാക്കി തിരിച്ചുപോന്നു. അചഞ്ചലമായ വിശ്വാസത്തിന്റെ ഉടമയായ ഇബ്രാഹീം നബി (അ) അല്ലാഹുവിന്റെ കല്‍പന യഥാവിധി അനുസരിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്തു. ഭാര്യയെയും മകന്‍ ഇസ്മാഈലിനേയും ആരാരും കൂട്ടിനില്ലാത്ത മരുഭൂമിയില്‍ തനിച്ചാക്കി മടങ്ങുമ്പോള്‍ ഇവരുടെ ഭാവിയാലോചിച്ച് ലവലേശം വേവലാതി പൂണ്ടില്ല. കാരണം, കരുണാനിധിയായ റബ്ബിന്റെ കരുണാകടാക്ഷം എന്നും തന്റെയും കുടുംബത്തിന്റെയും കൂടെയുണ്ടാകുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ജനരഹിതവും ജലരഹിതവുമായ ആ മരുഭൂമിയില്‍ ആരാരും കൂട്ടിനില്ലാത്ത നേരത്ത് കുഞ്ഞ് ഇസ്മാഈല്‍ നബി (അ) ദാഹിക്കുകയും ഒരു തുള്ളി വെള്ളം പോലും കുഞ്ഞിന് നല്‍കാനാവാതെ മാതാവ് ഹാജറ (റ) വ്യസനിക്കുകയും മരുഭുമിയില്‍ ജലം അന്വേഷിച്ച് അങ്ങോട്ടും ഇങ്ങോട്ടും അസ്വസ്ഥതയോടെ നടക്കുകയും ഓടുകയും ചെയ്തു. സഫാ മര്‍വ എന്ന രണ്ട് കുന്നുകളില്‍ കയറി പല പ്രാവശ്യം ജലം അന്വേഷിച്ച് കുഞ്ഞിനടുത്തെത്തിയ ഹാജറാ ബീവിക്ക് കാണാന്‍ കഴിഞ്ഞത് ഇസ്മാഈല്‍ നബി (അ) കാലിട്ടടിച്ച് സ്ഥലത്ത് നിന്നും അത്ഭുതകരമാംവിധം കാരുണ്യത്തിന്റെ ഉറവ സംസം പ്രവഹിക്കുന്നതാണ.് വിശ്വാസിയുടെ സര്‍വ ആഗ്രഹ സഫലോപാധിയും സര്‍വ ദീനങ്ങള്‍ക്കുമുള്ള ഉത്തമമായൊരു സിദ്ധൗഷധവുമായി സംസം ഇന്നും നിലകൊള്ളുന്നു.
അണമുറിയാത്ത ഈ ത്യാഗസ്മരണകള്‍ മനസ്സില്‍ താലോലിച്ച് വിശ്വാസി നടത്തുന്ന വിശ്വാസകര്‍മ്മമാണ് ഹജ്ജ് . പാപങ്ങളില്‍ നിന്നും മോചനം പ്രധാനം ചെയ്യുന്ന, ശൈശവ സമാനമായ നിഷ്‌കളങ്കത സമ്മാനിക്കുന്ന വേറിട്ടൊരു അനുഭവമാണിത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇബാദത്തു കൂടിയാണ് പരിശുദ്ധ ഹജ്ജ്. സ്രഷ്ടാവിനെ ആരാധിക്കാന്‍ ആദ്യമായി ഭൂമിയില്‍ പണിതുയര്‍ത്തിയ കഅ്ബാലയത്തെ പ്രദക്ഷിണം വെക്കും വഴി, കഅ്ബ പുനര്‍ നിര്‍മ്മിച്ച ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ധന്യ സ്മരണകള്‍ വിശ്വാസികളുടെ മനസ്സിലേക്ക് കടന്നുവരുന്നു. സഫയും മര്‍വയും ഹാജറാബീവിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്നു. ഹജ്ജ് തീര്‍ച്ചയായും ആത്മസമര്‍പ്പണത്തിന്റെ കഥകളാണ് പറഞ്ഞ് തരുന്നത്. ആ പുണ്യ ഭൂമിയിലെത്തുക എന്നത് ഏതൊരു വിശ്വാസിയുടെയും ആഗ്രഹമാണ്. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും ഈ ഒരൊറ്റ ആഗ്രഹ സഫലീകരണത്തിനായി വിശ്വാസികള്‍ ഒരേ മനസ്സും മന്ത്രവുമായി ഒത്തുചേര്‍ന്നൊരുക്കുന്ന അതിഗംഭീരവും നയനാനന്ദകരവും മനോരമ്യവുമായൊരു ദൃശ്യാവിഷ്‌ക്കാരമാണ് ഹജ്ജ് ഒരുക്കുന്നത്. സാമ്പത്തികവും ശാരീരികവുമായി കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നടത്തി സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹത്തിന് പാത്രമാവുമ്പോള്‍ തടസ്സങ്ങളാല്‍ ഈ സംഗമത്തില്‍ പങ്കാളിയാവാന്‍ കഴിയാത്തവര്‍ അവരവരുടെ നാട്ടില്‍ പെരുന്നാളാഘോഷിക്കുന്നു. പരശ്ശതം വരുന്ന ഹജ്ജാജിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അവരുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു. ഈയൊരു വലിയ മുഹൂര്‍ത്തത്തിന് അഭൂതപൂര്‍വമായ സംവിധാങ്ങളും സൗകര്യങ്ങളുമാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഹജ്ജാജിമാരോട്, പ്രത്യേകച്ച് മലയാളി തീര്‍ത്ഥാടകരോട് അവര്‍ കാണിക്കുന്ന അദമ്യമായ സ്‌നേഹ മനസക്ത ഏറെ സന്തോഷദായകമാണ്. മക്കയിലെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് നാളെ മുതല്‍ പരസഹസ്രം ഹജ്ജാജിമാര്‍ സ്വദേശത്തേക്ക് മടങ്ങകുകയാണ്. ത്യാഗസ്മരണകളുറങ്ങുന്ന ഹജ്ജിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം വരുംകാലങ്ങളില്‍ ജീവിതത്തില്‍ കരുത്തേകാന്‍ ഹജ്ജാജിമാര്‍ക്ക് സാധിക്കട്ടെ.
ചെറിയ പെരുന്നാള്‍ വ്രതാനുഷ്ഠാനാനന്തരം കടന്നുവരുന്ന ആഘോഷമാണെങ്കില്‍ ബലിപെരുന്നാള്‍ പരിശുദ്ധ ഹജ്ജിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷമാണ്. അഥവാ ഇസ്‌ലാമിന്റെ ആഘോഷങ്ങള്‍ പോലും ആരാധനാധിഷ്ടിതമാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ആഘോഷത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അനാരോഗ്യകരമായ ആഭാസങ്ങളുടെയും അനാചാരങ്ങളുടെയും അനൗചിത്യം ഇവിടെ വ്യക്തമാകുന്നുണ്ട്. സത്യ ദീന്‍ വരച്ചുവെച്ച അതിര്‍വരമ്പുകള്‍ക്കത്തുനില്‍ക്കുന്ന ആഘോഷങ്ങള്‍ മാത്രമേ പ്രോത്സാഹനാജനകമാകുന്നുള്ളൂ എന്നും മറ്റുള്ളവ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നുമുള്ള കാര്യം വിശ്വാസികള്‍ മറന്നുപോകരുത്.
ഉള്ളവനും ഇല്ലാത്തവനും വേര്‍തിരിവ് കൂടാതെ ബലിപെരുന്നാള്‍ ആനന്ദത്തോടെ ആസ്വദിക്കുമ്പോഴാണ് ആഘോഷം അര്‍ത്ഥവത്തായി മാറുന്നത്. അതുകൊണ്ടാണ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫിത്വ്ര്‍ സകാത്തും ബലിപെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്ത് കര്‍മ്മവും പുണ്യമായി ഗണിക്കപ്പെടുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരങ്ങളും വൈജാത്യങ്ങളും മായ്ച്ചുകളഞ്ഞ് സര്‍വരും സസന്തോഷം സുഭിക്ഷമായി ആഹരിക്കുന്ന സുദിനമാവണം പെരുന്നാള്‍ ദിനമെന്നത് സത്യദീനിന്റെ താല്‍പര്യമാണ്. ബലിപെരുന്നാള്‍ സ്‌നേഹസമൃദ്ധമായ ഒരു ലോകം സൃഷ്ടിച്ചെടുക്കാനുള്ള ഉത്തമമായൊരു തുടക്കമായി ഭവിക്കണം. മതവര്‍ണ്ണ വര്‍ഗ വൈചാത്യങ്ങളുടെ പേരില്‍ ഭീകര, തീവ്ര വാദികളായി മാറി മാനവികത കളഞ്ഞുകുളിക്കുന്നവരുടെ ഗണത്തില്‍ ഈദുല്‍ അള്ഹയുടെ സുന്ദര സന്ദേശങ്ങള്‍ നെഞ്ചേറ്റുന്ന സത്യവിശ്വാസി അകപ്പെടരുത്. മറിച്ച് സര്‍വചരാചരങ്ങളോടും സ്‌നേഹബുദ്ധ്യാ വര്‍ത്തിക്കുന്ന സല്‍ഗുണ സമ്പന്നരും സല്‍സ്വഭാവികളുമായി മാറാന്‍ ത്യാഗോജ്ജ്വലമായ സമൃതികള്‍ ഉയര്‍ന്നുവരുന്ന ഈ ആഘോഷവേള നിമിത്തമാകേണ്ടതുണ്ട്. ദൈവം പരിപാവനമായി ഗണിച്ച അന്യന്റെ ധനം, അഭിമാനം, രക്തം ഇവ അപഹരിക്കപ്പെടുന്ന നവലോകക്രമത്തില്‍ ഋജുവായ പാതയില്‍ ഉറച്ചുനില്‍ക്കാന്‍, മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ബലിപെരുന്നാള്‍ സ്മരണകള്‍ പ്രേരകമായി വര്‍ത്തിക്കണം. സര്‍വരും കൈകോര്‍ത്തു പിടിച്ച് സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാനുള്ള ലോകക്രമത്തിനുവേണ്ടി ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ട്.
പെരുന്നാള്‍ദിനം അകന്നതും അടുത്തവരുമായ എല്ലാ ബന്ധങ്ങളിലേക്കും നേരിട്ട് പോയി കുടുംബ ബന്ധം പുലര്‍ത്തണം, അശണരെ സഹായിക്കാന്‍ മുന്നേട്ട് വരണം, അതാണ് പെരുന്നാളിന്റെആത്മീയ മുഖം. അന്യന്റെ വേദനകള്‍ക്ക് ചെവി കൊടുക്കാനും അവന്റെ ദുഃഖത്തില്‍ നിര്‍വ്യാജം പങ്കുകൊള്ളാനും കഴിയണം. ഒരു ദിവസത്തെ ഐഛിക വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പിന്റെ തീക്ഷ്ണതയും തീവ്രതയും യഥോചിതം അനുഭവിച്ചറിയാനുള്ള അവസരം ഇസ്‌ലാമൊരുക്കിയത് യാദൃച്ഛികമാകാനിടയില്ല. വിശപ്പിന്റെ മൂര്‍ച്ചയറിയുന്നവനേ അതിന്റെ കഠിനത ബോധ്യമാകൂ. ആ ബോധ്യം അന്യരുടെ വിശപ്പ് മാറ്റുന്നതിലേക്ക് വഴി നടത്തുന്നു. അങ്ങനെ മറന്നുപോകുന്ന സാമൂഹ്യബോധം ഒന്നുകൂടി മനോദര്‍പ്പണത്തില്‍ രൂഢമൂലമാക്കി നിര്‍ത്താന്‍ ഈ ബലിപെരുന്നാള്‍ നിമിത്തമാകണം. ഉളുഹിയ്യത്ത് കര്‍മ്മവും മറ്റിതര ദാനധര്‍മ്മങ്ങളും ഈ സുദിനത്തില്‍ പ്രത്യേക പ്രതിഫലാര്‍ഹമായ കൃത്യമായി ഗണിക്കപ്പെടുന്നത് അതുകൊണ്ടാണ്. സാമൂഹ്യ ബാധ്യത മറന്ന് വ്യക്തിപരതയുടെ ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങുന്ന ആധുനിക മനുഷ്യരോട് ഉദാരമനസ്‌കതയും വിശാലമനസ്‌കതയും സ്വായത്തമാക്കാനാണ് ബലിപെരുന്നാള്‍ താല്‍പര്യപ്പെടുന്നത്. തിരസ്‌കരിക്കപ്പെടേണ്ട സകല ദുഷ്‌ചെയ്തികളോടും ദുഷ്ചിന്തകളോടും സധൈര്യം വിടപറഞ്ഞ് സര്‍വവിധ സനാതന മൂല്യങ്ങളെയും സല്‍ഗുണങ്ങളെയും ആവേശത്തോടെ പുല്‍കി, ആഹ്ലാദത്തോടെ സ്രഷ്ടാവിനെ സ്തുതിച്ചും സ്മരിച്ചും ഈ ബലിപെരുന്നാളാഘോഷിക്കാന്‍ സത്യവിശ്വാസികള്‍ സര്‍വാത്മനാ സന്നദ്ധരാവണം. അനിസ്‌ലാമികമായ ആഘോഷരീതികളില്‍നിന്നു വിട്ടുനിന്ന് സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഇബ്രാഹീമീ പാതയിലേക്ക് മടങ്ങാന്‍ ഈ പെരുന്നാളുകൊണ്ട് സാധിക്കട്ടെ. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.

SHARE