ഹാജിമാര്‍ ഇന്ന് മിനായില്‍; അറഫാ സംഗമം നാളെ

അഷ്‌റഫ് വേങ്ങാട്ട്
മക്ക: ”ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്…”.
തല്‍ബിയത്തിന്റെ ധ്വനികളുമായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ ഇന്ന് മിനാ താഴ്‌വരയിലെത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് വിശുദ്ധിയുടെ താഴ്‌വാരത്തില്‍ ശാന്തമായ അന്തരീക്ഷത്തിലാണ് തുടക്കമാവുക. മക്കയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുന്ന തീര്‍ത്ഥാടകര്‍ മിനായില്‍ ഒരുക്കിയ പ്രത്യേക കെട്ടിടങ്ങളിലേക്കാണ് ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തില്‍ എത്തുക. ഹാജിമാരുടെ എണ്ണം പരിമിതമാണെങ്കിലും മിനാ താഴ്‌വര ഹാജിമാരുടെ തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാകും. ഇഹലോക ജീവിതത്തിലെ ചിരകാല സ്വപ്നമായ വിശുദ്ധ കര്‍മം നിര്‍വഹിക്കാന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ കോവിഡ് മൂലമുള്ള സകല നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാകും കര്‍മങ്ങള്‍ നിര്‍വഹിക്കുക. പരമാവധി പതിനായിരം പേര്‍ക്ക് അവസരമുണ്ടാകുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഹജ്ജ് മന്ത്രാലയം അറിയിച്ചത്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരത്തില്‍ നിജപ്പെടുത്തി. ഇതില്‍ 700 പേര്‍ വിദേശികളാണ്. കോവിഡ് പ്രതിരോധത്തില്‍ പങ്ക് വഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്ന സ്വദേശികള്‍.
ഇന്നത്തെ പകല്‍ മിനായില്‍ പ്രാര്‍ത്ഥനകളോടെ കഴിച്ചു കൂട്ടുന്ന തീര്‍ത്ഥാടകര്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകും. രാത്രി മിനായില്‍ രാപാര്‍ത്ത ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ഹജ്ജിന്റെ സുപ്രധാന കര്‍മം നടക്കുന്ന അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹ്‌റിന് മുന്‍പായി ഹാജിമാര്‍ അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹ്ര്‍ നമസ്‌കാരത്തിന് മുന്‍പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപ മോചന പ്രാര്‍ത്ഥനകളും ദിക്‌റുകളും ഉരുവിട്ടും ശനിയാഴ്ച സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ പ്രത്യേകം സംവിധാനിച്ച സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടും. പിന്നീട്, മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. വെള്ളിയാഴ്ച രാവിലെ മിനായില്‍ തിരിച്ചെത്തി ജംറത്തുല്‍ അഖബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.
ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അറഫാ നോമ്പനുഷ്ഠിച്ച് ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കും. തീര്‍ത്ഥാടകര്‍ പരസ്പരം കൂടിച്ചേരാത്ത രീതിയില്‍ ത്വവാഫ്, അറഫാ സംഗമം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക കോവിഡ് പ്രൊട്ടോകോള്‍ സിസ്റ്റമാണ് പുണ്യ കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കുന്നത്. അറഫയില്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന ക്യാമ്പ്, ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍, മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് ഭക്ഷണം, വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ ഒരുക്കങ്ങളും അതീവ ജാഗ്രതയോടെയാണ് പൂര്‍ത്തിയാക്കിയത്.

SHARE