ചരിത്രമാകുന്ന ഹജ്ജിന് അസാധാരണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 പശ്ചാത്തലത്തില്‍ അസാധാരണ ഹജ്ജ് കര്‍മത്തിന്ന് അസാധാരണമായ ഒരുക്കങ്ങള്‍ നടത്തി സഊദി ഭരണകൂടം. ആരവങ്ങളില്ലാത്ത പുണ്യ കര്‍മത്തിന് വിശുദ്ധ നഗരിയും പുണ്യ ഗേഹങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇരു ഹറം കാര്യ വകുപ്പ് മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. ഇരു ഹറമുകളും അണുവിമുക്തമാണ്. പ്രതിദിനം പത്തു തവണ അണുവിമുക്തമാക്കുന്ന നടപടികള്‍ തുടരുന്നതായി അദ്ദേഹം പറഞ്ഞു. അസാധാരണമായ സ്ഥിതി വിശേഷത്തിലൂടെ രാജ്യവും ലോകവും കടന്നു പോകുമ്പോള്‍ വിശുദ്ധ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഭദ്രമാക്കാന്‍ എല്ലാ വിധ മുന്‍കരുതല്‍ നടപടികളും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇക്കൊല്ലത്തെ ഹജ്ജിനായുള്ള ഒന്നാം ഘട്ട പദ്ധതികള്‍ക്ക് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അംഗീകാരം നല്‍കി. മാനുഷികം, സുരക്ഷ, വ്യവസ്ഥാപിതം, ആരോഗ്യം തുടങ്ങിയ നാല് സുപ്രധാന തലങ്ങളില്‍ ഊന്നി നിന്നാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഹജ്ജ് ഓപറേഷന്‍, ജംറകള്‍, അസീസിയ, ശഅബയിന്‍ ടണലുകള്‍, കാലാവസ്ഥാ ലഘൂകരണ സംവിധാനം തുടങ്ങിയ ഭാഗങ്ങളിലെ ഓപറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, ബാത്‌റൂം അടക്കമുള്ള സ്ഥലങ്ങളിലെ ശുചീകരണം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടും.

ഹജ്ജിന്റെ ഭാഗമായുള്ള ആരോഗ്യ, സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഹറമില്‍ തീര്‍ത്ഥാടകരുടെ ത്വവാഫ് നടക്കുന്ന മത്വാഫിലും സഅ്‌യ് നടക്കുന്ന മസ്അയിലും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തി. സാമൂഹിക അകലം പാലിച്ചുള്ള പ്രത്യേക സഞ്ചാര പാതയാണ് ക്രമീകരിച്ചിട്ടുള്ളത്. എല്ലാ പ്രധാന കര്‍മങ്ങളും സുരക്ഷിതമായ മാര്ഗങ്ങളിലൂടെ നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്ന മാര്‍ഗ രേഖ പൂര്‍ത്തിയായതായി ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വസ്ല്‍ അല്‍അഹ്മദി പറഞ്ഞു. അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാവില്ല. ഇഹ്‌റാമിലുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. ഇഹ്‌റാമിലുള്ളവരും അനുമതി പത്രം നിര്‍ബന്ധമായും കാണിക്കണം. മക്കയിലുള്ളവര്‍ അറഫാ നോമ്പും ഇഫ്താറും വീടുകളില്‍ വെച്ചു തന്നെ നിര്‍വഹിക്കണം. പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന കേന്ദ്രങ്ങളിലേക്ക് അനുമതി പത്രമില്ലാത്തവര്‍ക്ക് കര്‍ശന വിലക്കുണ്ടാകും. നിയമം ലംഘിക്കുന്നവരെ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വിവിധ വകുപ്പുകളുമായി കൈ കോര്‍ത്ത് ശാസ്ത്രീയമായി രൂപപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ കനത്ത ജാഗ്രത പാലിക്കേണ്ടി വരും. അറഫാ ദിനത്തിലും ബലിപെരുന്നാള്‍ ദിനത്തിലും നിലവിലുള്ള സ്ഥിതി തുടരും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനായിരത്തോളം വരുന്ന തെരഞ്ഞെടുത്ത ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ദുല്‍ഹജ് നാലു മുതല്‍ എട്ടു വരെ ഫോര്‍ പോയിന്റ് ഹോട്ടലിലും പരിസരത്തുള്ള തെരഞ്ഞെടുത്ത ഹോട്ടലുകളിലുമാണ് താമസ സൗകര്യം നല്‍കുക. ഈ തീര്‍ത്ഥാടകര്‍ കഴിഞ്ഞ നാല് ദിവസമായി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഏഴ് ദിവസമാണ് ഹജ്ജിന് മുന്നോടിയായുള്ള ക്വാറന്റന്‍ കാലപരിധി. മിനായിലെ മലമുകളിലെ ബഹുനില കെട്ടിടത്തിലാണ് തീര്‍ഥാടര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അറഫയില്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന ക്യാമ്പ്, ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍, മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് ഭക്ഷണം, വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ ഒരുക്കങ്ങളും അതീവ ജാഗ്രതയോടെയാണ് പൂര്‍ത്തിയാക്കുന്നത്.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാക്കാന്‍ ഹജ്ജ്, ഉംറ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹജ്ജ് നിര്‍വഹിക്കാന്‍ സഹായിക്കുന്ന വസ്തുക്കളടങ്ങിയ ബാഗുകള്‍ ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുത്ത മുഴുവന്‍ ഹാജിമാര്‍ക്കും തപാല്‍ മാര്‍ഗം അവരുടെ വീടുകളിലേക്ക് ഹജ്ജ് മന്ത്രാലയം അയച്ചു കൊടുത്തിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള ഗൈഡ്, മാസ്‌ക്, ഔദ്യോഗിക രേഖകള്‍ സൂക്ഷിക്കാനുള്ള ചെറിയ ബാഗ്, ക്രീം, ബ്‌ളേഡ്, കത്രിക, നെയ്ല്‍ കട്ടര്‍ എന്നിവ അടങ്ങിയ ഷേവിംഗ് കിറ്റ്, സോപ്പ്, ഷവര്‍ ജെല്‍, ഷാംപൂ, കോട്ടണ്‍ ബഡ്‌സ്, ബ്രഷ്, ടൂത്ത് പേസ്റ്റ്, ചീര്‍പ്പ് എന്നീ വ്യക്തിഗത പരിചരണ ഉപകരണങ്ങള്‍, കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് പ്രത്യേകം അണുവിമുക്തമാക്കി സജ്ജീകരിച്ച കല്ലുകള്‍, ഇഹ്‌റാം വസ്ത്രം, ദന്ത ശുചീകരണത്തിനുള്ള മിസ്‌വാക്, കുട, മുസല്ല, വാസ്‌ലീന്‍, അണുനശീകരണി, ചെവിയും കണ്ണുകളും മൂടാനുള്ള വസ്തുക്കള്‍ എന്നിവ അടങ്ങിയ ബാഗാണ് ഓരോ തീര്‍ത്ഥാടകരുടെയും വീടുകളില്‍ മുന്‍കൂട്ടി നേരിട്ട് എത്തിച്ചു നല്‍കുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയില്‍ പെട്ട ആരും നേരില്‍ കാണാത്ത അത്യപൂര്‍വമായ ഒരുക്കങ്ങളാണ് അസാധാരണമായ ഇക്കൊല്ലത്തെ ഹജ്ജില്‍ നടക്കുന്നത്.

SHARE