നാം റമദാനിനായൊരുങ്ങുമ്പോൾ ഒരാത്മവിചാരണ നല്ലതാണ്

കൊറോണാ സാംക്രമണം അല്ലാഹു മനുഷ്യനേൽപ്പിച്ച ശിക്ഷയാണ് എന്ന പ്രസ്താവനയുടെ മത,സാമൂഹിക വിശകലനമാണ് എൻ്റെ ആലോചന .

ഒന്ന്:

മനുഷ്യനും പ്രകൃതിക്കും പ്രതികൂലമായ ഒരു കാര്യം സംഭവിച്ചാൽ അത് ദൈവകോപം നിമിത്തമുണ്ടായതാണ് ,ശിക്ഷയാണ് എന്ന കാര്യം വിശ്വാസപരമായി സ്ഥിരീകരിക്കപ്പെടണമെങ്കിൽ ഖുർആനിലോ ഹദീസിലോ അക്കാര്യം വ്യക്തമാക്കപ്പെടണം.
കർമ്മവിധികളോടും വിശ്വാസവിധികളോടും ബന്ധപ്പെടുന്ന കാര്യമല്ലാത്തതിനാൽ ,അവ്വിഷയത്തിലെ തീർപ്പിന് മറ്റൊരു മതമാപിനിയില്ല .
ഖുർആനിലോ ഹദീഥിലോ പ്രവചിക്കപ്പെട്ട സംഭവമാണോ അല്ലയോ എന്നതാണ് പ്രവാചകാന്ത്യത്തിന് ശേഷം അക്കാര്യം പരിശോധിക്കാനുള്ള മാർഗം.
അറിയപ്പെട്ട സ്രോതസ്സുകൾ ആധാരമാക്കി കോവിഡ് 19 എന്ന നിർണ്ണിത കാര്യത്തെ സംബന്ധിച്ച് ദൈവിക ശിക്ഷയാണെന്ന് ആർക്കും ഉറപ്പിച്ച് പറയാൻ പറ്റില്ല.

അധികാരപൂർവ്വമുള്ള തിരുത്തൽ ക്രിയയാണ് ശിക്ഷ. പ്രതികാരവും ശിക്ഷയും ഒന്നല്ല. വ്യക്തിയെയോ കാര്യത്തെയോ വൈരനിര്യാതനാർത്ഥം വേദനിപ്പിക്കുന്നതിന് ശിക്ഷ എന്നല്ല പറയുക. തിരുത്തിക്കലും തിരുത്തൽ വരുത്തലും തിരുത്തലും ശിക്ഷയിലുണ്ടാവും. കുറ്റവാളിയിൽ സദ്ബോധം ഉണർത്തുക , കുറ്റവാളിയെ ഇല്ലായ്മ ചെയ്ത് മറ്റുള്ളവർക്ക് സദ്ബോധം പകരുക, അനീതി ചെയ്യപ്പെട്ടവർക്ക് സംതൃപ്തി വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ശിക്ഷകളുടെ സാമൂഹിക മാനം.
ഭരണകൂടം നിർവ്വഹിക്കുന്ന ശിക്ഷകളിൽ നിന്ന് ദൈവിക ശിക്ഷ വ്യത്യസ്തമാവുന്നത് മാർഗങ്ങളുടെയും മാധ്യമങ്ങളുടെയും വിഭിന്നതകളാണ്.

പ്രവാചകന്മാരായ നൂഹ് ,ഹൂദ് ,സ്വാലിഹ് ,ശുഐബ് ,ലൂത്വ് ,മൂസാ _ ( അ ) എന്നിവരുടെ എതിർജനപക്ഷത്തെ ശിക്ഷിച്ച് നശിപ്പിച്ച ചരിത്രം ഖുർആൻ പ്രധാന പ്രമേയമായി കൊണ്ടുവന്നിട്ടുണ്ട്. ഖാറൂൻ ,നംറൂദ് ,ഫിർഔൻ തുടങ്ങിയ വ്യക്തികളെ ഇല്ലാതാക്കിയ കാര്യവും ഉണർത്തി.
ഇത്തരം നൃശംസിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ ഏറ്റുവാങ്ങിയ ശിക്ഷാപശ്ചാതലങ്ങളോട് , മുഹമ്മദീയ സമുദായത്തിലെ തെറ്റായ പ്രവണതാപൊതുത്വങ്ങളെ സാധർമ്മ്യപ്പെടുത്തിക്കൊണ്ട് കോവിഡ് 19 അക്കൂട്ടത്തിൽ പെട്ടതാണെന്ന് പറയുന്നത് ശരിയാവണമെങ്കിൽ നിദാനന്യായങ്ങളുടെ പിൻബലം വേണം.
മുൻകാല നബിനാഗരികതകളുടെ അറ്റത്ത് മറ്റൊരു പ്രവാചകൻ്റെ കാലം തുടങ്ങിയിരുന്നു.
ഈ സമുദായത്തിൻ്റെ അറ്റം കാലാന്ത്യമാണ്.
സ്വാഭാവിക പ്രകൃതത്തിനെതിരായ രീതിലായിരുന്നു പലപ്പോഴും മുൻകാല ശിക്ഷകൾ .

فَكُلًّا أَخَذْنَا بِذَنبِهِ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
( അൻകബൂത് – 40)

“അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്‌. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.”

രണ്ട്:

കോവിഡ് 19 ദൈവികശിക്ഷ ആണെന്ന് അല്ലെങ്കിൽ അല്ലെന്ന് പറയുന്നത് ശരിയായ രീതിയല്ലെങ്കിൽ പിന്നെ എങ്ങനെയാണ് വിശ്വാസി ഈ ഭീകരരോഗത്തെ കാണേണ്ടത് ?

മനുഷ്യകുലം പൂർണ്ണമായും നിസ്സംഗരും അവർ കരുപ്പിടിപ്പിച്ച സാങ്കേതികമുന്നേറ്റങ്ങൾ ഒരളവോളം നിസ്സഹയവുമായ അപൂർവ്വദൃക്കായ ഈ ഘട്ടത്തിൽ ,ദൈവികമായ മുന്നറിയിപ്പായി ഈ ജീവിതനിശ്ചലതയെ വായിക്കേണ്ടതുണ്ട്.
ശിക്ഷയേറ്റുവാങ്ങാൻ മാത്രം പാളം തെറ്റിയ ജീവിതമാണെന്ന് ബോധ്യമുള്ളവർ അങ്ങനെത്തന്നെ വേണം മനസ്സിലാക്കാൻ.

ചില ഖുർആൻ വചനങ്ങൾ നോക്കാം ,

سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ
തൗബ – 101
” രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.”

وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ
ശൂറാ – 30
” നിങ്ങൾക്ക് ബാധിച്ച അത്യാഹിതം നിങ്ങളുടെ കൃതാനർത്ഥത തന്നെയാണ് , അവൻ പലതും ഒഴിവാക്കിത്തരികയാണ് “

രണ്ട് കാര്യങ്ങൾ വളരെ വ്യക്തമാണ്.
പരലോകശിക്ഷക്ക് മുമ്പ് തന്നെ മനുഷ്യന് ശിക്ഷകൾ ലഭിക്കാം , അതിൻ്റെ കാരണം ചീത്തകയ്യിലിരിപ്പാണ്.ആത്മവിചാരണയുടെ ഏകാന്തനിമിശങ്ങളിൽ മനുഷ്യൻ തൗബയിൽ തപിക്കാൻ പ്രകൃതിയുടെ ക്യാൻവ്യാസിൽ പടച്ചവനെഴുതിയ ആഹ്വാനമാവാം ,
കോവിഡ് 19.

പാപികൾക്ക് നേരെ വരുന്ന ശിക്ഷകളുടെ ഇരകൾ മതപുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പുണ്യാളന്മാരുമാണല്ലോ എന്നതാണ് അടുത്ത സമസ്യ . ആ പുണ്യാളന്മാരുടെ അതായത് വിശ്വാസികളുടെ കണ്ണിലൂടെ ഖുർആനിൻ്റെ അക്കാര്യത്തിലെ കാഴ്ച്ചപ്പാട് വായിക്കാം .

وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ
അൻഫാൽ – 25

” ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.”

قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

തൗബ – 51

” പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.”

രണ്ട് കാര്യങ്ങൾ വ്യക്തമാവുകയാണ് ,ഒരുപക്ഷേ,
ഇഹലോകത്തെ ശിക്ഷ തിരുത്താൻ തയ്യാറുള്ളവർക്കുള്ള അവസാനാവസരമാണ് .അശനിപാതം കണക്കെ അത് പൊട്ടിപ്പുറപ്പെടുമ്പോൾ പാപികളുടെ റൂട്ട്മാപ്പിട്ട് സഞ്ചരിക്കില്ല.
എല്ലാവരെയും അത് ബാധിക്കും.
അത്തരം ആഹുതികൾക്ക് മധ്യേ ,വിശ്വാസികൾക്ക് വാമനത്വം ബാധിക്കില്ല .അവർ സഹനം പാലിച്ച് അല്ലാഹു നൽകിയ ജീവിതം അവൻ്റെ മാർഗത്തിൽ അവനെടുക്കുന്നതിൽ സംതൃപ്തിയണയും.

പ്രകൃതി പ്രതിലോമകരമായി വർത്തിക്കുന്നതിൻ്റെ ധാർമ്മിക വായന മാത്രമാണ് അവ ശിക്ഷയാണ് എന്ന ആഖ്യാതം .
പദാർത്ഥപരമായി ഭൗതികമായ കാരണവും ഉപകാരണങ്ങളും തീർച്ചയായും ഉണ്ടാവും.
കാര്യകാരണങ്ങളെ ഭജ്ഞിച്ച് കൊണ്ടുള്ള പ്രതിഭാസങ്ങൾ പലതും ഉണ്ടായിട്ടുണ്ട് ,ഇനിയുമുണ്ടാവാം ,പക്ഷെ നാം സംസാരിക്കുന്നത് കോവിഡ് 19 എന്ന അനുഭവത്തെ സംബന്ധിച്ചാണ്.

ഒരേകാര്യം തന്നെ ,അതിൻ്റെ അനുഭവവും അനന്തരത്വവും പരിഗണിക്കുമ്പോൾ വ്യത്യസ്ത കാര്യമാവും എന്നതാണ് ഇസ്‌ലാമിക വിശ്വാസം.
മഹാരോഗം പാപിക്ക് തിരുത്താണ് ,ശിക്ഷ.
സൽക്കർമ്മിക്ക് സഹനാവസരവും പരലോകനേട്ടവുമാണ് . പക്ഷെ ,അത്തരം പ്രത്യക്ഷദുരന്തങ്ങൾക്ക് വേണ്ടി ആഗ്രഹിക്കരുത്. സ്വാഭാവിക പ്രകൃതത്തിന് ഹാനികരമാവുന്നത് അനുഗ്രഹമാവില്ല.
മതത്തിൻ്റെ കണ്ണിലെ – പാപികളേക്കാളേറെ നല്ലവർ രോഗം ബാധിച്ച് മരിച്ചുവെന്നിരിക്കട്ടെ ,
ആയുർദൈർഘ്യം ചുരുങ്ങുന്നത് പാപങ്ങൾ കുറയാനുള്ള കാരണമായതിനാൽ ഉത്തമമാണ് എന്നുണർത്തിയ മുഹമ്മദ് നബി (സ്വ) യുടെ അനുയായികൾ താത്വികമായി അപ്പോഴും പതറില്ല.

മൂന്ന്:

ഇസ്ലാമികാചരണങ്ങൾ റദ്ദ് ചെയ്ത ഭരണകൂടങ്ങൾക്കും ജനതുക്കുമെതിരായ
ദൈവികാക്രമണമാണ് കൊറോണ എന്ന വായന മേൽപ്പറഞ്ഞവയനുസരിച്ച് തന്നെയേ കാണാനാവൂ. ആണെന്നോ അല്ലെന്നോ പറയാൻ പറ്റില്ല. ആവാം എന്ന സാധ്യതക്കാണ് വിനീതഭക്തി പരിഗണന നൽകേണ്ടത്.

അപ്പോൾ ,സൗദി അറേബ്യയും ആഫ്രിക്കയുമൊക്കെയും എന്തിന് ഇരകളാവുന്നു എന്ന ബാലിശമായ സന്ദേഹം എങ്ങനെ ഇല്ലാതാവും എന്ന് മുകളിൽ പറഞ്ഞു.
വേറെ രൂപങ്ങളിലും അക്കാര്യം മനസ്സിലാക്കാം .

അതായത് ,ഇസ്ലാം പരലോകവിശ്വാസ ബന്ധിതമാണ്. പ്രഥമദൃഷ്ട്യാ ഇസ്ലാമിക വിശ്വാസം ഈ ലോകത്ത് മറുവാദങ്ങളെയെല്ലാം അതിജയിച്ചു നിൽക്കില്ല എന്നതാണ് അദൃശ്യവിശ്വാസ ശാസ്ത്രത്തിൻ്റെ യുക്തവും വ്യക്തവുമായ കാര്യം. അങ്ങനെയാവുമ്പോൾ ,ദൈവികശിക്ഷ മറനീക്കി പ്രകമ്പനം സൃഷ്ടിക്കില്ല.
സൂചനകളിൽ നിന്നും ന്യൂനപക്ഷം യാഥാർത്ഥ്യം കണ്ടെത്തണം ,അപ്പോഴേ പുനരുത്ഥാനം സാർത്ഥകമാവുകയുള്ളൂ. ന്യൂനപക്ഷമേ മനസ്സിലാക്കുകയുമുള്ളൂ ,ഖുർആനിൽ വിശ്വാസനന്മകൾ ‘ഖലീൽ’ ആണ്.
അവിശ്വാസം ‘കഥീർ ‘ ഉം .

മറ്റൊന്ന് , ഒരേ ശിക്ഷക്ക് തന്നെ വിവിധ വ്യാഖ്യാനങ്ങൾ ഉണ്ടാവും. വീക്ഷിക്കുന്നവൻ്റെ മനഃസാക്ഷിയാണ് അതിന് ഭാഷകൾ നൽകേണ്ടത്. ചൈനക്കാരൻ്റെ തെറ്റാവില്ല യൂറോപ്യൻ്റേത് ,അതാവില്ല അമേരിക്കക്കാരൻ്റെയും അറേബ്യക്കാരൻ്റെയും.
തിരുത്താൻ അവസരമില്ലാത്ത വലിയ പിടുത്തങ്ങൾ വരുന്നതിന് മുമ്പേ വിളിയെത്തിയവർ നന്മകൾക്ക് മറുപടി നൽകുക എന്ന സന്ദേശത്തോടെ ഭൂപടം വരക്കുന്ന കൊറോണയെ അക്ഷരം തെറ്റാതെ വായിക്കാനാവും അങ്ങനെ മനസ്സിലാക്കുമ്പോൾ .

ഇന്നത്തെ മനുഷ്യലോകം മൊത്തം അകപ്പെട്ട ചില ദൂഷ്യങ്ങൾ ആർക്കുമറിയാം , മഹാവിപത്തുകൾ വർഷിക്കാൻ കാരണമാവുന്ന ചില കാര്യങ്ങൾ പ്രവാചകൻ (സ്വ ) എണ്ണി.

يا معشر المهاجرين! خصال خمس إذا ابتليتم بهن وأعوذ بالله أن تدركوهن: لم تظهر الفاحشة في قوم قط حتى يعلنوا بها إلا فشا فيهم الطاعون والأوجاع التي لم تكن مضت في أسلافهم الذين مضوا، ولم ينقصوا المكيال والميزان إلا أخذوا بالسنين وشدة المؤنة وجور السلطان عليهم، ولم يمنعوا زكاة أموالهم إلا منعوا القطر من السماء ولولا البهائم لم يمطروا، ولم ينقضوا عهد الله وعهد رسوله إلا سلط الله عليهم عدوهم من غيرهم فأخذوا بعض ما كان في أيديهم، وما لم تحكم أئمتهم بكتاب الله عز وجل ويتحروا فيما أنزل الله إلا جعل الله بأسهم بينهم رواه البيهقي

ലൈംഗികാരചകത്വം വർദ്ധിച്ചാൽ കേട്ടുകേൾവിയില്ലാത്ത മഹാവ്യാധികൾപടരും ,വ്യാപാരവഞ്ചനകൾ കമ്പോളം കയ്യടിക്കിയാൽ ഫലം ജീവിതവറുതിയും അക്രമരാഷ്ട്രീയവുമാവും ,അന്യരുടെ സമ്പത്ത് പിടിച്ചുവെച്ചാൽ വേണ്ടത്ര വെള്ളം കിട്ടില്ല ,മിണ്ടാജന്തുക്കളില്ലായിരുന്നുവെങ്കിൽ മഴയേ പെയ്യില്ലായിരുന്നു … ഈ വചനത്തിൻ്റെ സാരമാണിത് .

ഇന്നത്തെ ലോകനാഗരികതയുടെ തളർന്ന വളർച്ചകൾ ഒന്നോർത്തു നോക്കിയാൽ കാര്യങ്ങൾ കൃത്യമല്ലേ.
ലൈംഗികതയുടെ ആഗോള മാർക്കറ്റ് ആകാശം വഴി തുറക്കപ്പെട്ടു , മാംസനിബദ്ധമായ പ്രേരണകൾ മഴയേക്കാൾ വർഷിച്ചു കൊണ്ടിരിക്കുന്നു , ഓൺലൈൻ വ്യാപാരങ്ങളിൽ ചതിയുടെ പേര് കച്ചവടം എന്ന് തന്നെയായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സമ്പത്ത് ഒഴുകാതെ കെട്ടിക്കിടന്ന് മാല്മലകൾ പണിയപ്പെടുന്നു. ഇവകൾക്ക് നടുവിൽ നീളൻ നെടുവീർപ്പുകളായ് മരണം പൂക്കുന്ന കാലമാണിത്. തെറ്റായ ജോലികളുടെ ശമ്പളമായി വരുന്ന മരണം ന്യായമാണ്. അക്കാര്യത്തിൽ ചൈനയും അറേബ്യയും അമേരിക്കയും അവരല്ലാത്തവരും തുല്യവുമാണ്.

ലോകമാസകലം അഭയാർത്ഥികൾ പടർന്ന പതിറ്റാണ്ടുകളായിരുന്നു ഇപ്പോഴത്തേത്. വാതിലുകളടച്ച് പുറം തിരിഞ്ഞവർ വാതിലുകളടച്ച് മലർന്ന് കിടക്കുകയാണ്.
നേരത്തെതന്നെ മരണങ്ങൾ ജീവിതത്തിൻ്റെ ഭാഗമായിപ്പോയ അഭയാർത്ഥികൾക്ക് പുതുമയല്ല കോവിഡ് ,പേരുമാറി വന്ന അവകാശമാണ്. പക്ഷെ ,മരിക്കുമെന്ന് മറന്നവർക്ക് ഇടിത്തീയ്യാണിത് ,അതാണ് ശിക്ഷ.

ഈ പറയുന്നതെല്ലാം യുക്തിഭദ്രമാണോ അല്ലേ എന്നല്ല ഇവിടെ ചർച്ച ,പ്രത്യുത ,ഇസ്ലാമിൻ്റെ തത്വശാസ്ത്രം ഒരു ബിന്ദുവും അടർന്ന വൃത്തമല്ല, സമ്പൂർണ്ണമാണ് എന്നതാണ്.
വിശ്വാസം യുക്തിസമ്മതിക്കുന്നതും സമ്മതിക്കാത്തതുമാണ്. വസ്തുതാപരവും വൈകാരികപരവുമാണ്. ഗണിതവും കവനവുമാണ്. സ്വരവും നിസ്വരവുമാണ്.
മൗനവും നിസ്വനുവുമാണ്.
അവനവൻ്റെ ആലോചനയിൽ ചേരുംപടി ചേർന്നാലേ ഒരു കാര്യം സ്വീകാര്യമാവുകയുള്ളൂ എന്ന വിശ്വാസത്തിനാണ് മതത്തിൽ അവിശ്വാസം എന്ന് പറയുന്നത്.
അവനെ തൊട്ടിരിക്കുന്നവന് അക്കാര്യം തോന്നുക മറ്റൊരു നിലയിലാവും.

യുദ്ധങ്ങളും പട്ടിണിയും ക്ഷാമവുമൊക്കെ കഥകൾ മാത്രമായിരുന്ന നമ്മുടെ ഒഴിഞ്ഞ അനുഭവയറയിലേക്ക് വരുന്ന നിറവുകളാണീ പരിമിതികൾ പറഞ്ഞ ജീവിതം.
അങ്ങകലെ ,നമ്മെ ഓരോരുത്തരെയും നോക്കി കണ്ണിറുക്കുന്ന മരണം ചിലക്കുന്ന ശബ്ദമാണ് കൊറോണക്കഥകൾ .സന്തോഷം തേടിയുള്ള യാത്രകൾക്ക് സാധിക്കാതെ കാലുകൾ അച്ചടക്കം പഠിച്ചു ,ഇനി സന്ദേശം തേടി യാത്രപോവാനുള്ള കാലമാണ് ,പാപികൾ അവനവനിലേക്ക് തീർത്ഥയാത്ര നടത്താനിറങ്ങേണ്ട റമദാൻ .നോമ്പ് തീരുമ്പോഴേക്ക് പാപങ്ങൾ കരിഞ്ഞുപോവട്ടെ ,കൊറോണയും. ഉയിർപ്പണിഞ്ഞ
പുതിയ പ്രഭാതത്തിൻ്റെ പെരുന്നാളിലേക്ക്
ലോകം ,രോഗംമാറി കുളിച്ച് കയറട്ടെ.

എല്ലാവർക്കും റമദാൻ മുബാറക്

SHARE