ഹഗിയ സോഫിയ പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു


ഇസ്താംബൂള്‍: 86 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി പ്രാര്‍ത്ഥനക്കായി തുറന്നുകൊടുത്തു. ഇന്ന് വെള്ളിയാഴ്ച്ച നമസ്‌കാരം നിര്‍വ്വഹിച്ചുകൊണ്ടാണ് പള്ളി ഔദ്യോഗികമായി തുറന്നത്. ഇക്കഴിഞ്ഞ ജൂലൈ 10നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ 1500 വര്‍ഷം പഴക്കമുള്ള ലോകപ്രശസ്ത മ്യൂസിയം പള്ളിക്കായി തുറന്നുകൊടുത്തത്. ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയത് വലിയ ഒരു തെറ്റായിരുന്നെന്ന് നേരത്തെ ഉര്‍ദുഗാന്‍ പ്രസ്താവിച്ചിരുന്നു.

തുര്‍ക്കിയിലെ ഏറ്റവും ഉയര്‍ന്ന മതകാര്യ അധ്യക്ഷന്‍ ദിയാനെറ്റിനാണ് പള്ളിയുടെ ചുമതല. 700 തൊട്ട് 1000 വരെ ആളുകള്‍ക്ക് പള്ളിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളിയില്‍ നമസ്‌കരിക്കാമെന്ന് പള്ളി അധികാരി അലി എര്‍ബാസ് പറഞ്ഞു. പള്ളിയുടെ നിലത്ത് കാര്‍പെറ്റ് വിരിച്ചാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഹാഗിയ സോഫിയ. ആറാം നൂറ്റാണ്ടില്‍ (എ.ഡി 537 ) നിര്‍മിച്ച ഈ കെട്ടിടം കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയന്‍ നിര്‍മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇത് നിര്‍മിച്ചത്. പില്‍ക്കാലത്ത് ഈ കെട്ടിടം മ്യൂസിയമായി മാറ്റി.