ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്‌ലിം പള്ളിയാക്കി തുര്‍ക്കി


ഇസ്താംബുള്‍: ഇസ്താംബുളിലെ ലോകപ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം ആരാധനലായമാക്കി തുര്‍ക്കി ഭരണ കൂടം. 1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫായ മ്യൂസിയമല്ലെന്ന് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് മുസ്ലിം പള്ളിയാക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്. ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കത്രീഡല്‍ ആയിരുന്ന ഹഗിയ സോഫിയ 1453ലെ ഓട്ടോമന്‍ ഭരണകാലത്ത് മുസ്ലിം പള്ളിയാക്കി. പിന്നീട് 1934ല്‍ മ്യൂസിയമാക്കി.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതായിരുന്നു ഹാഗിയ സോഫായ. ചരിത്ര പ്രസിദ്ധമായ മ്യൂസിയത്തെ പള്ളിയാക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ന്നെങ്കിലും എര്‍ദോഗന്‍ ഭരണകൂടം തീരുമാനവുമായി മുന്നോട്ട് പോയി. പള്ളിയാക്കി മാറ്റിയെങ്കിലും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കുന്നതില്‍ വിലക്കുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പള്ളിയാക്കിയതിന് ശേഷമുള്ള ആദ്യത്തെ പ്രാര്‍ത്ഥന തുര്‍ക്കിയിലെ വാര്‍ത്താചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു.

തുര്‍ക്കി സര്‍ക്കാറിന്റെ നടപടിയില്‍ യുനെസ്‌കോ ഖേദം പ്രകടിപ്പിച്ചു. യാതൊരു ചര്‍ച്ചയും നടത്താതെയാണ് മ്യൂസിയത്തിന്റെ പദവി എടുത്തുകളഞ്ഞതെന്ന് യുനെസ്‌കോ വ്യക്തമാക്കി. എതിര്‍പ്പുമായി ഗ്രീസും രംഗത്തെത്തി. എര്‍ദോഗാന്‍ തുര്‍ക്കിയെ ആറ് നൂറ്റാണ്ട് പിന്നിലേക്ക് നടത്തുകയാണെന്നും സിവിലൈസ്ഡ് ലോകത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഗ്രീസ് സാംസ്‌കാരിക മന്ത്രി ലിന മെന്‍ഡോനി പ്രതികരിച്ചു. റഷ്യയും തുര്‍ക്കിയുടെ നടപടിയെ വിമര്‍ശിച്ചു.

വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാണെന്ന് ടോപ് അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചത്. 1934ല്‍ പള്ളി മ്യൂസിയമാക്കാനുള്ള ക്യാബിനറ്റ് തീരുമാനം നിയമപ്രകാരമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മ്യൂസിയം പള്ളിയാക്കണമെന്ന് ഒരുവിഭാഗം വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മതേതരവാദികളുടെ ശക്തമായ എതിര്‍പ്പുമൂലം നടപ്പാക്കാനായിരുന്നില്ല.