ഹാദിയ-ഷെഫിന്‍ ജഹാന്‍ കേസ്; വേണ്ടി വന്നാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ-ഷെഫീന്‍ ജഹാന്‍ കേസില്‍ വേണ്ടി വന്നാല്‍ ഹാദിയയെ 24മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാഹം റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നായിരുന്നു ഹാദിയയുടെ അച്ഛന്‍ അശോകന് വേണ്ടി ഹാജരായ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും കോടതിയില്‍ വാദിച്ചത്. എന്നാല്‍ എന്തും പറയാനാവില്ലെന്നും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്നും ഷെഫിന് വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഇന്ദിരാജയ് സിംഗും വെല്ലുവിളിച്ചു. ഹാദിയയെ ഹാജരാക്കിയാല്‍ എല്ലാ പ്രശ്‌നവും തീരുമല്ലോ എന്ന വാദം തത്വത്തില്‍ അംഗീകരിച്ച കോടതി 24മണിക്കൂറിനുള്ളില്‍ ഹാദിയയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കേണ്ടി വരുമെന്ന് ഉത്തരവിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

hadiya-weddng-rose

വൈക്കം സ്വദേശിയായ അഖിലയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹാദിയക്കെതിരെ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കുന്ന സാഹചര്യവും, വിവാഹം ചെയ്തുകൊടുത്ത യുവതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും കാണിച്ചാണ് വിവാഹം റദ്ദുചെയ്തത്. കോടതിവിധിയെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന ഹാദിയയെ പോലീസ് വീട്ടിലെത്തിക്കുകയായിരുന്നു. ഹാദിയ വീട്ടുതടങ്കലിലാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഗൗരവകരമാണെന്നും സുപ്രീംകോടതി പറഞ്ഞു.

SHARE