ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിക്ക് ആര്‍.എസ്.എസ് മര്‍ദ്ദനം

വൈക്കം: ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച യുവതിക്കുനേരെ ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം. ഷബ്‌ന സുമയ്യ എന്ന വ്യക്തിക്കുനേരെയായിരുന്നു ആക്രമണമെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ഷബ്‌നയുടെ ഭര്‍ത്താവ് ഫൈസല്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ഷബ്‌ന പറഞ്ഞു. ഈ സമയത്ത് ഫൈസലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടയുമ്പോഴായിരുന്നു തന്നെ ആക്രമിച്ചത്. ഫൈസലിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്ത് കൊണ്ടുപോയെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞതായി ഷബ്‌ന വ്യക്തമാക്കി. ഐ.എസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍.എസ്.എസ്സുകാരുടെ കയ്യേറ്റശ്രമം. പ്രതിഷേധത്തിനെത്തിയ മറ്റു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഹാദിയയെ കാണാനല്ല എത്തിയതെന്നും അവള്‍ക്ക് കുറച്ച് മധുര പലഹാരങ്ങള്‍ നല്‍കുക മാത്രമായിരുന്നു ലക്ഷ്യമെന്നും നേരത്തെ പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അശോകന്‍ തടയുകയായിരുന്നു. ഹാദിയ തന്നെ രക്ഷിക്കണമെന്ന് ജനലിനുള്ളിലൂടെ വിളിച്ചു പറഞ്ഞതു കേട്ടപ്പോഴാണ് തങ്ങള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

SHARE