ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച; എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുണ്ടെന്നാണ് സൂചന

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച നടക്കും. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനുശേഷമുള്ള വാദങ്ങള്‍ക്കാണ് സുപ്രീംകോടതിയില്‍ തുടക്കമാവുക. കേസിലെ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഷെഫിന്‍ ജഹാനുവേണ്ടി മുതിര്‍ന്ന കബില്‍ സിബലാണ് ഹാജരാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഹാദിയയുടേയും ഷെഫിന്‍ ജഹാന്റേയും വിവാഹവുമായി ബന്ധപ്പെട്ടുള്ള വാദങ്ങളാണ് സുപ്രീംകോടതിയില്‍ നടക്കുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാനാകുമോ, ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധമുണ്ടെന്നതിന്റെ വസ്തുത തുടങ്ങിയവയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതേസമയം, എന്‍.ഐ.എ റിപ്പോര്‍ട്ട് പ്രകാരം ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുണ്ടെന്നാണ് സൂചന. വിവാഹ വെബ്‌സൈറ്റ് വഴിയാണ് ഷെഫിനെ കണ്ടെത്തിയതെന്ന ഹാദിയയുടെ വിശദീകരണത്തിലെ മൊഴിയിലെ വൈരുദ്ധ്യം എന്‍.ഐ.എ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച്ചക്കു മുമ്പ് എന്‍.ഐ.എ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

സുപ്രീംകോടതി വിധിപ്രകാരം ഹാദിയ സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ്. കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനുശേഷം ഹാദിയ പിതാവ് അശോകന്റെ സംരക്ഷണത്തിലായിരുന്നു. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹാദിയ സേലത്തെ കോളേജിലെത്തുന്നത്.