ഹാദിയ കേസ്; പിന്നിട്ട വഴികള്‍

ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന്‍ രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.
ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോ ര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. 25ന് ഹൈക്കോടതിയില്‍ ഹാജരായ ഹാദിയ, താന്‍ സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 16ന് അശോകന്‍ ഹൈക്കോടതി മുമ്പാകെ രണ്ടാമതും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഓഗസ്റ്റ് 22, സെപ്തംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ ഹാദിയ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി. സെപ്തംബര്‍ 27ന് ഹാദിയയെ തല്‍ക്കാലത്തേക്ക് സത്യസരണി ഭാരവാഹിക്കൊപ്പം വിട്ടു. ഡിസംബര്‍ 21ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19ന് വിവാഹം നടന്നതായി ഹാദിയ കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടന്ന വിവാഹത്തിന്റെ വിശദ വിവരം അന്വേഷിക്കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
2017 മെയ് 24ന് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും കോടതി ഉത്തരവിട്ടു. ഇതിനിടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹാദിയയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും കേസ്് എന്‍.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകനും കേസില്‍ കക്ഷി ചേര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു. സംസ്ഥാന സര്‍ക്കാറും എതിര്‍ത്തില്ല. ഇതോടെ സുപ്രീംകോടതി ബെഞ്ച് ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുകയും ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുകയും ചെയ്തു. കേസിന്റെ തുടര്‍ വാദത്തിനിടെ രണ്ടു വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം ഏര്‍പ്പെട്ട വിവാഹബന്ധം അസാധുവാക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ സുപ്രീംകോടതി പലതവണ ചോദ്യം ചെയ്തു. ഹാദിയക്ക് പറയാനുള്ളത് കൂടി കേള്‍ക്കുമെന്ന് പറഞ്ഞ കോടതി, 2017 നവംബര്‍ 27ന് ഹാദിയയെ നേരിട്ടു വിളിച്ചു വരുത്തി.
ഇസ്്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ സുപ്രീംകോടതി മുമ്പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച കോടതി, സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പഠനം തുടരാന്‍ അയച്ചു. കോളജിന്റെയും ഹോസ്റ്റലിന്റെയും നിയമങ്ങള്‍ അനുസരിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സ്വന്തം വിശ്വാസപ്രകാരമുള്ള മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്ക് അനുവദിച്ചു കിട്ടി. രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായാല്‍ കോടതിക്കു പോലും ഇടപെടാന്‍ അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി, എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹബന്ധം ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശം നല്‍കി.
ഇതിനിടെ വൈക്കത്തെ വീട്ടില്‍ കഴിയവെ ക്രൂരമായ പീഡനത്തിനിരയായെന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പലരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും ആരോപിച്ച് ഹാദിയ സുപ്രീംകോടതിയെ സമീപിച്ചു. എന്‍.ഐ.എക്കെതിരെയും ഇതില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കോടതി പിതാവ് അശോകന്റെയും എന്‍.ഐ.എയുടേയും വിശദീകരണം തേടി. മകള്‍ മുസ്്‌ലിമായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം അംഗീകരിക്കില്ലെന്നുമായിരുന്നു അശോകന്‍ നല്‍കിയ സത്യവാങ്മൂലം. ഹാദിയയുടെ മതപരിവര്‍ത്തനത്തിനും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിനും പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന പഴയ പല്ലവി തന്നെ എന്‍.ഐ.എയും ആവര്‍ത്തിച്ചു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരവും സാധുവുമാണെന്ന സുപ്രീംകോടതി വിധി.