ക്രിമിനലിനെ പ്രണയിക്കരുതെന്നോ വിവാഹം ചെയ്യരുതെന്നോ നിയമത്തിലില്ലെന്ന് സുപീംകോടതി

ന്യൂഡല്‍ഹി: അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ വാദം തള്ളി നവംബര്‍ 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലപാട് അറിയണമെന്നും കോടതി പറഞ്ഞു.
ഹാദിയയെ ആസൂത്രിതമായി മതം മാറ്റിയതാണ്. ഹിപ്പ്‌നോട്ടിസം ഉള്‍പ്പെടെയുള്ളവ ചെയ്താണ് ഹാദിയയെ മതം മാറ്റിയതെന്നും എന്‍.ഐ.എ കോടതിയില്‍ ആരോപിച്ചു. ക്രിമിനലാണെങ്കിലും വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന്, ഷെഫിന് ഐ.എസുമായി ബന്ധമുണ്ടെന്നുള്ള അശോകന്റെ വാദത്തോട് സുപ്രീംകോടതി ചോദിച്ചു. ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഹാദിയയുടെ നിലപാട് അറിയണം. ഹാദിയയെ തടഞ്ഞുവെക്കാനാകില്ല. കോടതിയില്‍ ഹാജരാക്കുന്നത് വരെ ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 27ന് മൂന്നുമണിക്ക് അച്ഛന്‍ അശോകനോട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, അശോകന്റേയും എന്‍.ഐ.എയേയും വാദം കേട്ട ശേഷമേ അന്തിമവിധിയുണ്ടാകൂവെന്നും കോടതി അറിയിച്ചു.