‘ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല’; പിണറായി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ

കോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.എം ഷാജി എം.എല്‍.എ രംഗത്ത്. ഇന്ത്യയില്‍ പൗരനെ വീട്ടു തടങ്കലില്‍ വെക്കാന്‍ നിയമമില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല. അവരുടെ പിതാവിനെ ഏല്‍പിച്ചിട്ടുള്ളത് മകളുടെ രക്ഷാകര്‍തൃത്വം മാത്രമാണ്. പോലീസിനെ ഏല്പിച്ചിട്ടുള്ളത് സംരക്ഷണം നല്‍കാന്‍ മാത്രമാണ് കെ.എം ഷാജി പറഞ്ഞു.

സംസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവരുടെ സഞ്ചാരസ്വാതന്ത്ര്യവും, തൊഴില്‍ സ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. ഇത് തടയാന്‍ നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ പോലീസാണ് എന്നതാണ് ഏറെ ഗൗരവതരമായ കാര്യം. ആഭ്യന്തര വകുപ്പും, വകുപ്പ് മന്ത്രിയും ഇടപെടേണ്ടതുണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ‘കമാ’ന്നൊരക്ഷരം ഉരിയാടിയിട്ടില്ല ഷാജി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യയില്‍ പൗരനെ വീട്ടു തടങ്കലില്‍ വെക്കാന്‍ നിയമമില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല. അവരുടെ പിതാവിനെ ഏല്‍പിച്ചിട്ടുള്ളത് മകളുടെ രക്ഷാകര്‍തൃത്വം മാത്രമാണ്. പോലീസിനെ ഏല്പിച്ചിട്ടുള്ളത് സംരക്ഷണം നല്‍കാന്‍ മാത്രമാണ്.
ഒരാള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താനോ, ഒരാളുടെ രക്ഷാകര്‍തൃത്വം മറ്റൊരാളെ ഏല്പിക്കാനോ കോടതി ഉത്തരവിട്ടാല്‍ തന്നെയും അയാളുടെ മൗലികാവകാശങ്ങള്‍ ധ്വംസിക്കാന്‍ യാതൊരു വകുപ്പുമില്ല. എന്നിട്ടും ഹാദിയയെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെങ്കില്‍, ആ വീട്ടിലേക്ക് ആരെയും കടക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം പോലീസ് മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നു എന്നാണ്. അക്കാര്യത്തെ കുറിച്ചെല്ലാം നിയമവിദഗ്ധരാണ് മറുപടി പറയേണ്ടത്. ഹാദിയ കേസിലെ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം രാജ്യത്തുണ്ട്. ഏതൊരു പൗരനും ലഭ്യമായ അവകാശമാണത്.
സംസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവരുടെ സഞ്ചാരസ്വാതന്ത്ര്യവും, തൊഴില്‍ സ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. ഇത് തടയാന്‍ നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ പോലീസാണ് എന്നതാണ് ഏറെ ഗൗരവതരമായ കാര്യം.
രാജ്യത്തെ നിയമം എന്താണെന്ന് അറിയാത്തവരല്ല പോലീസിലുള്ളത്. അവര്‍ അത് ലംഘിക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ ആഭ്യന്തര വകുപ്പും, വകുപ്പ് മന്ത്രിയും ഇടപെടേണ്ടതുണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ‘കമാ’ന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. സംസ്ഥാന വനിതാ കമ്മീഷന്‍ കേരള വിമന്‍സ് കമ്മീഷന്‍ ആക്ട് 1990 പ്രകാരം നിലവില്‍ വന്ന നിയമപരമായ അധികാരങ്ങളുടെ സമിതിയാണ്. പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയാ തന്നെയും അന്വേഷണം നടത്താനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്.
ജയിലിലും, പോലീസ് സ്‌റ്റേഷനിലും, മറ്റെവിടെയെങ്കിലും കയറി ചെല്ലാനുളള അധികാരം സംസ്ഥാന വനിതാ കമ്മീഷനുണ്ട്. എന്നിട്ടും ഹാദിയ മര്‍ദ്ദനം ഏല്‍ക്കുന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലും സംസ്ഥാന വനിതാ കമ്മീഷന് ആകുന്നില്ലെങ്കില്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്?
എം സി ജോസഫൈന്‍ ആണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ. സി പി എം പാര്‍ട്ടിയുടെ നോമിനിയാണ് ശ്രീമതി എം സി ജോസഫൈന്‍. സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ട തന്നെയാണോ ഇക്കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണും ഉള്ളതെന്നറിയാന്‍ കൗതുകമുണ്ട്.
പോലീസിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും, ചില മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആരുടെ താത്പര്യമാണ് ഹാദിയ കേസില്‍ സംസ്ഥാന പോലീസ് സംരക്ഷിക്കുന്നത്? ആര്‍ എസ് എസിന്റെ താത്പര്യമാണെങ്കില്‍ അക്കാര്യം തുറന്നു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
ശ്രീ. കെ സച്ചിതാനന്ദന്‍, ആശിഷ് നന്ദി, ജെ ദേവിക, ഡോ. ആസാദ്, സി പി ജോണ്‍, ഷാഹിന തുടങ്ങിയ രാജ്യത്തെ ഒരു കൂട്ടം പൊതുപ്രവര്‍ത്തകര്‍ ഹാദിയ കേസില്‍ അവരുടെ ആശങ്കകള്‍ പങ്കു വെച്ചിട്ടുണ്ട്. കേരളത്തെ പ്രാഗ് നവോത്ഥാന കാലത്തിലേക്ക് നയിക്കുന്നതാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനം എന്ന് അവരെല്ലാം പറഞ്ഞ് വെക്കുന്നു. മതവര്‍ഗ്ഗീയ തീവ്രവാദസംഘടനകള്‍ക്ക് ഇന്ധനം നല്‍കുന്ന വിധം വിവാദങ്ങളില്‍ കുറ്റകരമായ മൗനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇത് ഇത്രയും കാലം കേരളീയ സമൂഹം വളര്‍ത്തിയെടുത്ത മതേതര ഇടങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തും വിധം അനുദിനം രൂക്ഷത കൈവരിച്ചു കൊണ്ടിരിക്കുകയാണ്.
ഇനിയും മൗനം തുടര്‍ന്നാല്‍ കേരളത്തില്‍ മതവര്‍ഗ്ഗീയവാദികളുടെ ശാക്തീകരണത്തിനും, പിണറായിപ്പോലീസിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും വളം വെക്കലാകും അത്!!

SHARE