ഇടവേളയ്ക്കു ശേഷം ഹാദിയ ഇന്നു സുപ്രിം കോടതിയില്‍ ;സത്യവാങ്മൂലം നിര്‍ണ്ണായകമാവും

 

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍ പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രിം കോടതി കക്ഷി ചേര്‍ത്ത ഹാദിയ വിശദമായ സത്യവാങ്മൂലമാണ് എഴുതി നല്‍കിയിരുന്നത്.

താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട. ‘കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‌ലാം മതം സ്വീകരിച്ചത്. ഷെഫിനൊപ്പം ജീവിക്കാന്‍ വിടണം’ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹാദിയ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വീട്ടുതടങ്കലില്‍ താമസിപ്പിച്ചു പീഡിപ്പിച്ച കാലത്തെ നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണം. വീട്ടുതടങ്കലില്‍ കഴിയുന്ന സമയത്തു ആരൊക്കെയാണു സന്ദര്‍ശിക്കാന്‍ എത്തിയിരുന്നതെന്ന് അന്വേഷിക്കണമെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ പറയുന്നു.

അതേസമയം, ഹാദിയയുടെ (അഖില) പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ‘മലപ്പുറം മഞ്ചേരിയിലെ സത്യസരണിക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണു ചെയ്യുന്നത്. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്!ലാം മതം സ്വീകരിച്ചതല്ല പ്രശ്‌നം. മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നത്’ അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നതു സുപ്രീംകോടതി വിലക്കിയിരുന്നു. 2017 നവംബര്‍ 27നു കേസ് പരിഗണിച്ചപ്പോള്‍, ഹാദിയയ്ക്കു സേലത്തെ ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു സൗകര്യമൊരുക്കാനാണു കോടതി ഉത്തരവിട്ടത്.

സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹമെന്നു കോടതിയില്‍ യുവതി നേരിട്ടാണു പറഞ്ഞതെന്നും പ്രായപൂര്‍ത്തിയായ യുവതിയുടെ മനസ്സു വായിക്കാന്‍ കോടതിക്കാവില്ലെന്നും അന്നു സുപ്രീംകോടതി വ്യക്തമാക്കി. വിവാഹത്തെയും കുറ്റകൃത്യങ്ങളെയും വേറിട്ടു കണ്ടില്ലെങ്കില്‍ നിയമവ്യവസ്ഥിതിയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുമെന്നും ബെഞ്ച് വിശദീകരിച്ചിരുന്നു. ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.

SHARE