‘ഞാന്‍ മുസ്‌ലിം, മുസ്‌ലിമായിത്തന്നെ ജീവിക്കണം’; ഹാദിയ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണമെന്ന് ഹാദിയയുടെ സത്യവാങ്മൂലം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു.

ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. താന്‍ മുസ്‌ലിം ആണ്. മുസ്‌ലിമായിത്തന്നെ ജീവിക്കുകയും വേണം. പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം പുന:സ്ഥാപിച്ചു തരണം. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഹാദിയ പറഞ്ഞു. അതേസമയം, വീട്ടുതടങ്കലില്‍ ഹാദിയ ഗുരുതരമായ പീഡനങ്ങള്‍ക്ക് ഇരയായെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

‘വീട്ട് തടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നതായി ഹാദിയ പറഞ്ഞു. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. പൊലീസിനോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നതായും ഹാദിയ. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയതിന് ശേഷം കടുത്ത പീഡനങ്ങളാണ് മാതപിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിച്ചിരിക്കുന്നത്. വീട്ടില്‍ അമ്മ പാകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഒരു ദിവസം അമ്മ പ്രാതല്‍ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോള്‍ അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. അടുക്കളയില്‍ എത്തിയപ്പോള്‍ തനിക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെ ഞെട്ടിപ്പിച്ചു.’

‘അമ്മയുടെ ഈ പ്രവൃത്തി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ തന്നെ കേള്‍ക്കാനോ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. അന്ന് മുതല്‍ സ്വന്തമായി ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങി. തനിക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് അതോടെ വ്യക്തമായതായും’ ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുല്‍ ഈശ്വര്‍ കാണാന്‍ മൂന്ന് തവണ വന്നിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് നിര്‍ബന്ധിച്ചു. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലില്‍ പകര്‍ത്തുമ്പോള്‍ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും ഹാദിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആറു മാസത്തോളം വീട്ടുതടങ്കലില്‍ ആയിരുന്നു. ഈ സമയത്തൊക്കെ വീട്ടുതടങ്കലിലാക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ടോയെന്ന് പൊലീസിനോട് ആരാഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ലഭിക്കാന്‍ മൂന്ന് മാസം നിരാഹാരം കിടന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖി ഫയല്‍ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും

അതേസമയം, സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്റെ സത്യവാങ്മൂലം. അശോകന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണെന്നും സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും പറയുന്നു. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു പദ്ധതിയെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതില്‍ തനിക്ക് പ്രശ്‌നമില്ല. മകളുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രീംകോടതി വിധിപ്രകാരം സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുകയാണ് ഹാദിയ.

.