നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു കുറ്റപ്പെടുത്തി സംസാരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ യോഗി, രാജ്യത്ത് ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയേനെയെന്നും പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. സര്‍ക്കാരില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്. രാജ്യത്ത് 64,000ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ആളുകള്‍ മറന്നുപോകുമായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗോ രക്ഷ വിഷയത്തിലും ഗംഗ വിഷയത്തിലും മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന പ്രതിപക്ഷം ആരോപണത്തെയും മുഖ്യമന്ത്രി പരിഹസിച്ചു. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയമസഭയില്‍ സംസാരിക്കുന്നതിന് എന്താണ് തെറ്റെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗംഗ നമ്മുടെ അമ്മയാണെന്നും പശുവും അതുപോലെ തന്നെയാണെന്നും വ്യക്തമാക്കി