ന്യൂഡല്‍ഹി: അയോധ്യയില്‍ തൃപ്തികരമായ വിധി ലഭിച്ചതിനു പിന്നാലെ യു.പിയിലെ മറ്റൊരു പള്ളിയെ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്ത്. വാരാണസിയിലെ ഗ്യാന്‍വാപ്പി മുസ്ലിം പള്ളിയിലാണ് വി.എച്ച്.പി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപ്പി പള്ളി 1669ല്‍ മുകള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ഹിന്ദുക്ഷേത്രം തകര്‍ത്ത് പണി കഴിപ്പിച്ചതാണെന്നാണ് ആരോപണം.
ക്ഷേത്രവും പള്ളിയും തമ്മില്‍ മതില് പങ്കിടുന്നുണ്ട്. ഇവിടെ നിന്ന് പള്ളി ഒഴിവാക്കി ക്ഷേത്രം വിപുലപ്പടുത്താനാണ് വി.എച്ച്.പിയുടെ ശ്രമം. ഇതു വിട്ടുകിട്ടാന്‍ വേണ്ടി തന്ത്രപരമായ നീക്കങ്ങളാണ് വി.എച്ച്.പി നടത്തുന്നത്. ഇതുസംബന്ധിച്ച കേസില്‍ തിങ്കളാഴ്ച വാരണസിയിലെ സിവില്‍ കോടതി വിചാരണ ആരംഭിക്കും.
പള്ളി-ക്ഷേത്രം പ്രശ്നം നേരത്തെ ഏറ്റെടുക്കാന്‍ വി.എച്ച്.പി ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അയോധ്യ വിധി അനുകൂലമായതോടെ വി.എച്ച്.പി ഈ വാദവും ഉയര്‍ത്താന്‍ ധൈര്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതിനായി നാളെ വി.എച്ച്.പി യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.