ഗുവാഹത്തി: പൗരത്വം തെളിയിക്കാന്‍ ഭൂമിയുടെ രേഖയോ നികുതി അടച്ചതിന്റെ രസീതോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പാന്‍കാര്‍ഡോ ഉപയോഗിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. പൗരത്വം തെളിയിക്കുന്നതിനായി ചോദിച്ചിരിക്കുന്ന 19 രേഖകളില്‍ ഇവ ഉള്പ്പെട്ടിട്ടുണ്ടെന്നിരിക്കെയാണ് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്. മതിയായ രേഖകള്‍ നല്‍കിയിട്ടും തന്നെ ഫോറിനേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് അസം സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
2019 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച അന്തിമ പട്ടിക പ്രകാരം 19 ലക്ഷം ജനങ്ങളാണ് അസമില്‍ പൗരത്വ പട്ടികക്ക് പുറത്തുള്ളത്. ഫോറിനേഴ്സ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായി രേഖകള്‍ സമര്‍പ്പിച്ച് പൗരത്വം തെളിയിക്കുകയാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ള പോംവഴി. പോറിനേഴ്സ് ടൈബ്യൂണല്‍ അപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയേയും പിന്നീട് സുപ്രീംകോടതിയേയും സമീപിക്കാം. നിയമ നടപടികള്‍ പൂര്‍ത്തിയാകും വരെ വിദേശിയായി പ്രഖ്യാപിക്കുകയോ തടങ്കല്‍ പാളയങ്ങളില്‍ അയക്കുകയോ ചെയ്യില്ലെന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനത്ത് നൂറു കണക്കിന് ഫോറിനേഴ്സ് ട്രിബ്യൂണലാണ് തുറന്നിരിക്കുന്നത്. ബാങ്ക് അക്കൗണ്ടോ പാന്‍കാര്‍ഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് 2016ല്‍ ഇതേ കോടതി ഉത്തരവിട്ടിരുന്നതാണെന്നും ഭൂമിയുടേ രേഖയും പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കാനാവില്ലെന്നും ജദീദ ബീഗം എന്ന ജദീദ ഖാത്തൂന് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് മനോജിത് ഭുയാന്‍, പൃഥ്വിജ്യോതി സൈകിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പിതാവും ഭര്‍ത്താവും ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന വില്ലേജ് മുഖ്യന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 14 രേഖകള്‍ നല്‍കിയിട്ടും തന്നെ ഫോറിനേഴ്സ് ലിസിറ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം. പിതാവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇതിന് അധികൃതര്‍ നല്കിയ വിശദീകരണം. ഈ സാഹചര്യത്തില്‍ മറ്റു രേഖകള്‍ പരിഗണിച്ച് തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരി കോടതി മുമ്പാകെ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
Home Law High Court പൗരത്വം തെളിയിക്കാന്‍ ഭൂമിയുടെ രേഖയോ ബാങ്ക് അക്കൗണ്ടോ പറ്റില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി