പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; ജയ് ശ്രീ രാം മുഴക്കി പ്രതി കബില്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹില്‍ വീണ്ടും വെടിവെപ്പ്. ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്കാണ് കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുമ്പോള്‍ പ്രതി ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നും കബില്‍ പറഞ്ഞു.

സ്ത്രീകള്‍ പ്രതിഷേധം നടത്തുന്ന വേദിക്കെതിരെ ഹിന്ദുത്വവാദം മുഴക്കിയ പ്രതി രണ്ടു തവണ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന വേദിക്ക് പിന്നിലെത്തിയാണ് വെടിവച്ചത്. വൈകീട്ട് 4.53നാണ് സംഭവം. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഷഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക കോണ്‍ട്രാക്ടര്‍ തോക്കുമായെത്തി സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ആഹ്വാനത്തിന് പിന്നാലെ ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്.  ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ വ്യാഴാഴ്ച ഗോപാല്‍ ശര്‍മ എന്ന പതിനേഴുകാരന്‍ വെടിവെപ്പ് നടത്തിയിരുന്നു. ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റ് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജാമിഅയില്‍ നിന്നും സമാധാനപരമായി നീങ്ങുന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെയായിരുന്നു അക്രമിയുടെ വെടിവെപ്പ്.
ഷഹീന്‍ബാഗ്(പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം) അവസാനിപ്പിക്കണമെന്ന് അക്രമി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗിലെ വിധി തന്നെ(1919ല്‍ സ്വാതന്ത്ര്യ സമര സേനാനികളെ നിഷ്‌കരുണം വെടിവെച്ചുകൊന്ന ജനറല്‍ ഡയറിന്റെ നടപടി) ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കും നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് ഷഹീന്‍ബാഗിലും വെടിവെപ്പ്. ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്.