സ്വയം വെടിയുതിര്‍ത്ത ഭര്‍ത്താവിന്റെ തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു. ഡല്‍ഹിയിലാണ് സംഭവം. ജോലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട യുവാവിന്റെ തല തുളച്ച് കാറില്‍ ഒപ്പമിരുന്ന ഭാര്യയുടെ കഴുത്തില്‍ പതിക്കുകയായിരുന്നു.
ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഭര്‍ത്താവിന് തൊഴിലില്ല എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിയുതിര്‍ക്കുന്നതില്‍ കലാശിച്ചതെന്ന് ഭാര്യ പറഞ്ഞു. 34 കാരനായ യുവാവ് ഡല്‍ഹിയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അത്യാഹിതനിലയിലാണ്. ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ അപകടാവസ്ഥ തരണം ചെയ്തു.
ബുള്ളറ്റ് യുവാവിന്റെ ചെവിയിലൂടെ തുളച്ചുകയറുകയും മറുവശത്തുകൂടെ പുറത്തിറങ്ങി ഭാര്യയുടെ കഴുത്തില്‍ തറയ്ക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദീപക് സഹാറന്‍ പറഞ്ഞു. ബാലിസ്റ്റിക് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.