പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു


ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ വെടിയേറ്റ് യുവാവ് മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖ്‌നൗവിലുണ്ടായ പ്രതിഷേധത്തിനിടെയാണ് യുവാവിന് വെടിയേറ്റത്. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെടുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ മുഹമ്മദ് വാകില്‍ എന്ന യുവാവാണ് വെടിയേറ്റു മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തിനിടെ വയറിന്റെ ഭാഗത്ത് വെടിയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.പിയിലെ തെരുവോരങ്ങളില്‍ കനത്ത പ്രക്ഷോഭം തുടരുകയാണ്.

പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല തുടങ്ങിയവരും പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ റജിസ്റ്ററിനെയും എത്രയാളുകള്‍ അനുകൂലിക്കുന്നുണ്ടെന്ന് അറിയാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്താന്‍ ബിജെപി തയാറാകണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ റാലിയിലായിരുന്നു മമതയുടെ വെല്ലുവിളി.

ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്തു പൊലീസിന്റെ വിലക്ക് മറികടന്നു 54 സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രവര്‍ത്തകരും നഗരത്തിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. പ്രതിഷേധത്തിനു നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ അറസ്റ്റ് ചെയ്തു. മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ അറസ്റ്റു ചെയ്തു. മാണ്ഡി ഹൗസിലെത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിനെയും കസ്റ്റഡിയിലെടുത്തു. സ്വരാജ്യ അഭിമാന്‍ മേധാവി യോഗേന്ദ്ര യാദവിനെ ചെങ്കോട്ടയ്ക്കു സമീപം കസ്റ്റഡിയിലെടുത്തു.

SHARE