യുദ്ധ ഭീതിയില്‍ ഗള്‍ഫ് മേഖല; കൂടുതല്‍ ആയുധങ്ങളും സൈനികരുമായി അമേരിക്ക ഗള്‍ഫിലേക്ക്

റിയാദ് : ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇതോടെ യുദ്ധ നിഴലിലായ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ അരാംകോയിലുണ്ടായ അത്യാഹിതമാണ് അമേരിക്കയെ കൂടുതല്‍ സൈനികരെ അയക്കുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ഹൂതികളുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ പ്രേരക ശക്തി ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തുവന്നിരുന്നു. സൗദിയില്‍ വ്യോമപ്രതിരോധമൊരുക്കിയ അമേരിക്കയ്ക്കും ഹൂതികളുടെ ആക്രമണം തിരിച്ചടിയായിരുന്നു. സൗദിക്ക് വേണമെങ്കില്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രസ്താവിച്ചതും അമേരിക്കയ്ക്ക് നാണക്കേടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ സൈനികരെ അമേരിക്ക അയക്കുന്നത്. അതേ സമയം അമേരിക്കയുടെ ഭാഗത്തുനിന്നുമുണ്ടാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് അതേ നാണയത്തിലാണ് ഇറാനും മറുപടി നല്‍കുന്നത്, ഇത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

SHARE