ഗള്‍ഫ് പ്രതിസന്ധി അപ്രതീക്ഷിതമായി അവസാനിക്കാന്‍ സാധ്യത: ഡോ. മെഹ്‌റന്‍

ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് റീജിയണല്‍ സ്റ്റഡീസ്(സിഐആര്‍എസ്) ഡയറക്ടറുമായ ഡോ.മെഹ്‌റന്‍ കംറവയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

2017 ജൂണ്‍ അഞ്ചിന് വളരെ പെട്ടന്നും അപ്രതീക്ഷിതവുമായിട്ടായിരുന്നു ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത്. അതുപോലെതന്നെ അതേരീതിയില്‍ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ദീര്‍ഘകാലമായി മിഡില്‍ഈസ്റ്റ് വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കുകയും പഠനങ്ങളും വിലയിരത്തലുകളും നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ.മെഹ്‌റന്‍. സഊദി, യുഎഇ ഭരണാധികാരികള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത് വ്യക്തിഗത തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തെ വളരെ മികച്ച രീതിയിലാണ് ഖത്തര്‍ കൈകാര്യം ചെയ്തത്. വ്യക്തിഗത തലത്തില്‍ വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് തുടങ്ങിയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ സഊദി രാഷ്ട്രീയത്തിലും മുഹമ്മദ് ബിന്‍ സായിദ് യുഎഇ രാഷ്ട്രീയത്തിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഉപരോധത്തോട് ചേര്‍ത്ത് അദ്ദേഹം വ്യക്തമാക്കി. പബ്ലിക് റിലേഷന്‍ പ്രവര്‍ത്തികള്‍ക്കായി വലിയ തുകയാണ് സഊദിയും യുഎഇയും ചെലവഴിച്ചത്. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായിതുടങ്ങിയിട്ടുണ്ടെന്ന് കരുതാം. പ്രതിസന്ധി തുടങ്ങിയതുപോലെ അപ്രതീക്ഷിതമായി അവസാനിച്ചേക്കും.

ഉപരോധം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലോ അതല്ലെങ്കില്‍ ഒരുമാസത്തിനുള്ളിലോ ഖത്തര്‍ വഴിക്കുവരുമെന്നാണ് യുഎഇയും സഊദിയും കരുതിയിരുന്നതെന്ന് താന്‍ വിശ്വസിക്കുന്നു. എന്നാല്‍ പതിനാല് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖത്തര്‍ ഉപരോധത്തെ അതിജീവിച്ചുവെന്നു മാത്രമല്ല, കൂടുതല്‍ ശക്തമാകുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്തെടുക്കുകയും പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റുകയുമായിരുന്നു.

ഉപരോധത്തെ നേരിടുന്നതില്‍ ഖത്തറിന്റേത് ശരിയായ അടിത്തറയായിരുന്നു. യൂണിവേഴ്‌സിറ്റികളിലും ഗേേവഷണ സ്ഥാപനങ്ങളിലും ഉള്‍പ്പടെ രാജ്യം നടത്തിയ നിക്ഷേപങ്ങള്‍ സഹായകമായി. പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വരുംമാസങ്ങളില്‍ ജിസിസി ഉച്ചകോടിയ്ക്ക് സാധ്യതയുണ്ടെന്നും ഡോ.മെഹ്‌റന്‍ സൂചിപ്പിച്ചു. നേരത്തെ മേയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യുഎസ്- ജിസിസി ഉച്ചകോടി ഒക്ടോബറില്‍ നടക്കാനാണ് സാധ്യത. പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് അമേരിക്കയ്ക്ക് വലിയ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE