പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനവുമായി ഗള്‍ഫ് രാജ്യങ്ങള്‍

മസ്‌കത്ത്/കുവൈത്ത് സിറ്റി/ദോഹ: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസവുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. ഒമാന്‍,കുവൈത്ത്,ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന നിര്‍ണായക തീരുമാനങ്ങളുമായി എത്തിയിരിക്കുന്നത്.

ആറു മാസത്തില്‍ കീടുതല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വീസ റദ്ദാക്കില്ലെന്നും അവര്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.ഇതോടെ നിലവിലെ സാഹചര്യങ്ങള്‍ മാറുന്നത് വരെ ജോലി നഷ്ടമാകുമെന്ന ഭീതിയില്ലാതെ പ്രവാസികള്‍ക്കും നാട്ടില്‍ തുടരാം. അതേസമയം വീസ കാലാവധി കഴിഞ്ഞവര്‍ സ്‌പോണ്‍സര്‍ മുഖേന ഡയറക്ടറേറ്റ് ജനറലിനെ സമീപിച്ചു പുതുക്കണം. വിദേശത്തുള്ളവര്‍ക്കും അതിന് സൗകര്യമുണ്ട്. വീസ പുതുക്കിയ രസീത് ഒമാനിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ കാണിക്കാം.

ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കഴിയുന്നവരില്‍ അവിദഗ്ധര്‍, 60 വയസ്സിനു മുകളിലുള്ള് ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍,വ്യാജ കമ്പനികളുടെ വീസയിലുള്ളവര്‍ എന്നിവരുടെ ഇഖാമ പുതുക്കേണ്ടെന്നു കുവൈത്ത് മാനവശേഷി അതോറിറ്റിയുടെ നിര്‍ദേശം.ഇഖാമ പുതുക്കാന്‍ മാത്രം കുവൈത്തില്‍ വന്നു പോകുന്നവര്‍ ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്താണെങ്കില്‍ അവരുടേതും പുതുക്കി നല്‍കില്ല. നിര്‍ദേശത്തില്‍ അന്തിമ തീരുമാനം ഏതാനും ദിവസത്തിനകം ഉണ്ടാകും. നിലവില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 70,000 വിദേശികളുടെ തൊഴിലനുമതി റദ്ദാക്കിയിട്ടുണ്ട്. അവരില്‍ കുവൈത്ത് തൊഴില്‍ വിപണിക്ക് ആവശ്യമുള്ളവരെയും അവരുടേതല്ലാത്ത കാരണങ്ങളാല്‍ രേഖ റദ്ദാക്കിയവരെയും മാത്രം പരിഗണിക്കാനാണ് നിര്‍ദേശം.
ബാധ്യതകള്‍ തീര്‍ക്കാനുള്ളവര്‍, സര്‍ക്കാര്‍ ജോലിയിലുള്ളവരും കുടുംബം കുവൈത്തില്‍ വസിക്കുന്നവരുമായ സ്‌പെഷലിസ്റ്റുകള്‍ എന്നിവര്‍ക്കും ഇഖാമ പുതുക്കി നല്‍കും. തിരിച്ചെത്താന്‍ സാധിക്കാത്തവരില്‍ ആനുകൂല്യം കിട്ടാനുള്ളവര്‍ മാനവശേഷി അതോറിറ്റി വെബ്‌സെറ്റ് മുഖേന അപേക്ഷിക്കാം.

പ്രവാസികള്‍ക്ക് ഖത്തറില്‍ മടങ്ങിയെത്താനുള്ള് റീ എന്‍ട്രി പെര്‍മിറ്റിനായി ഓഗസ്റ്റ് ഒന്ന് മുതല്‍ അപേക്ഷിക്കാം.ഐഡി കാലാവധി കഴിഞ്ഞാലും റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യപോലെ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പെര്‍മിറ്റ് ലഭിച്ച് ദോഹയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തം ചെലവില്‍ ഏഴ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.

SHARE