കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി; ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ

അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം നികുതി അടച്ച്് വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കല്‍ പദ്ധതി (ഐ.ഡി.എസ്) വഴി ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ. ഇത്തരത്തില്‍ രാജ്യത്ത് വെളുപ്പിച്ച കണക്കില്‍ പെടാത്ത പണത്തിന്റെ 29 ശതമാനമാണിത്. 2016 ജൂണ്‍-സെപ്തംബര്‍ കാലയളവിലാണ് ഇത്രയും പണം ഗുജറാത്തികള്‍ വെളുപ്പിച്ചെടുത്തത്.

ഇതിന് പിന്നാലെയാണ് നോട്ട് അസാധുവാക്കലും, തന്റെ കൈവശം 13,860 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായി മഹേഷ് ഷായുടെ വെളിപ്പെടുത്തലും വന്നത്. മഹേഷ് ഷായുടെ ഐ.ഡി.എസ് പിന്നീട് റദ്ദാക്കിയിരുന്നു. നികുതി ആദ്യ ഘടു നല്‍കിയില്ലെന്നതാണ് കാരണം.

ഇതു സംബന്ധിച്ച് ആദായ നികുതി വകുപ്പിന് വിവരാവകാശ നിയമപ്രകാരം 2016 ഡിസംബറില്‍ വിവരാവകാശം വഴി നല്‍കിയ അപേക്ഷക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആദായ നികുതി വകുപ്പ് മറുപടി നല്‍കിയത്. രാഷ്ട്രീയ നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസുകാര്‍ എന്നിവര്‍ ഇത്തരത്തില്‍ എത്ര പണം നികുതി അടച്ച് വെളുപ്പിച്ചെന്നത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് മറുപടി നല്‍കിയിട്ടില്ല.