ഭരണഘടനയുടെ കരട് തയ്യാറാക്കിയതും എട്ട് നൊബേല്‍ ജേതാക്കളും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍; ആര്‍എസ്എസിന്റെ സവര്‍ണ്ണ രാഷ്ട്രീയം പുറത്ത്

അഹമ്മദാബാദ്: ആര്‍എസ്എസിന്റെ സവര്‍ണ്ണ രാഷ്ട്രീയം പുറത്തുവരുന്ന പരാമര്‍ശവുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ അംബേദ്കര്‍ ചുമതലപ്പെടുത്തിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവിനെയെന്ന് രാജേന്ദ്ര ത്രിവേദി പറഞ്ഞു. അഹമ്മദാബാദില്‍ രണ്ടാം മെഗാ ബ്രാഹ്മണ്‍ ബിസിനസ്സ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരണഘടനയുടെ കരട് തയ്യാറാക്കിയത് അറുപതോളം രാജ്യങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ്. ഡോ.ബിആര്‍ അംബേദ്കറിനു അത് സമര്‍പ്പിച്ചത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ. ഭരണഘടനയുമായി ബന്ധപ്പെട്ട് എന്തു പറയുമ്പോഴും അംബേദ്കറുടെ പേര് മാത്രമാണ് മുന്നോട്ടു വരാറുള്ളത്. അംബേദ്കറിന്റെ തന്നെ വാക്കുകള്‍ എടുത്ത് സംസാരിക്കുകയാണെങ്കില്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബിഎന്‍ റാവുവാണ്. ബെനെഗല്‍ നര്‍സിങ് റാവു അദ്ദേഹം ബ്രാഹ്മണനാണ്’, രാജേന്ദ്ര ത്രിവേദി പറഞ്ഞു.

‘ബ്രാഹ്മണര്‍ എല്ലായ്‌പ്പോഴും പുറകില്‍ നിന്ന് മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരികയാണ് ചെയ്യുന്നതെന്നാണ് ചരിത്രം പറയുന്നത്. തന്റെ മുന്നില്‍ അംബേദ്കറെ നിര്‍ത്തിയത് ബി എന്‍ റാവുവാണ്. എന്നാല്‍ അംബേദ്കറെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയാണ്. കാരണം 1949 നവംബര്‍ 25ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്’, ത്രിവേദി കൂട്ടിച്ചേര്‍ത്തു.

SHARE