ഗുജറാത്തില്‍ ട്രംപ് വരുമ്പോള്‍ ചേരി നിവാസികളെ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ കെട്ടുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കുന്നു. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയം വരെയുള്ള വീഥിയിലെ ചേരിയാണ് മതില്‍കെട്ടി മറക്കുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സും ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരസൗന്ദര്യവത്കരണത്തിന്റെ പേരിലാണ് മതില്‍ നിര്‍മിക്കുന്നത്.

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മതില്‍ നിര്‍മിക്കുന്നത്. ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള വിമാനത്താവളത്തിനും സ്‌റ്റേഡിയത്തിനും ഇടയിലെ ഇന്ദിരാ ബ്രിഡ്ജിന് സമീപത്തെ ദേവ് സരണ്‍ ചേരിയുടെ അരികിലാണ് മതില്‍ പണിയുന്നത്. മതില്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ റോഡില്‍ നിന്ന് ചേരിയിലേക്കുള്ള ദൃശ്യം ഇല്ലാതാകും.

ചേരി പ്രദേശത്ത് 600 മീറ്റര്‍ നീളത്തില്‍ 67 അടി ഉയരമുള്ള മതിലാണ് പണിയുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ദേവ് സരണ്‍ ചേരിയില്‍ 2,500ലേറെ പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകള്‍ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. റോഡ് ഷോ സമയത്ത് തെരുവ് നായ്ക്കളും പശുക്കളും അലഞ്ഞു തിരിയുന്ന സാഹചര്യവും ഒഴിവാക്കും. മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മനോഹരമാക്കിയും പുതിയ വൈദ്യുതിക്കാലുകള്‍ സ്ഥാപിച്ചും നഗരം മോടിപിടിപ്പിക്കല്‍ തകൃതിയാണ്.